കേസുകള്‍ ഭയന്ന് പിണറായി മോദിയുടെ കാലുപിടിക്കുന്നു; ജനതാദള്‍(എസ്) ബി.ജെ.പിയിലേക്കുള്ള പാലം -കെ. സുധാകരന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങിയ കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ കൈയാമം വയ്ക്കുമെന്ന് ഭയന്ന് ബി.ജെ.പിയുടെ കാലുപിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തനിരൂപമാണ് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഇതിലെ സത്യാവസ്ഥ എന്താണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. ബി.ജെ.പിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം നൽകിയെന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞത് കള്ളമാണെങ്കില്‍ അദ്ദേഹത്തിനെതിരേ കേസ് കൊടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജനതാദള്‍ എസിനെ ഇടതുമുന്നണിയിലും മന്ത്രിസഭയിലും പിണറായി വിജയന്‍ നിലനിര്‍ത്തിയിരിക്കുന്നത് ബി.ജെ.പിയിലേക്കുള്ള പാലമായാണ്. ലാവ്ലിന്‍കേസ് 35ലധികം തവണ മാറ്റിവച്ചത് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെയാണ്. കവലയില്‍ ബി.ജെ.പിക്കേതിരെ പ്രസംഗിക്കുകയും അടുക്കളയില്‍ അവരുടെ തോളില്‍ കയ്യിടുകയും ചെയ്യുന്ന പാരമ്പര്യമാണ് സി.പി.എമ്മിനുള്ളത്.

ബി.ജെ.പിക്കെതിരെയോ, മോദിക്കെതിരെയോ ഒരക്ഷരം ഉരിയാടാനുള്ള തന്റേടം പിണറായി വിജയനില്ല. കേന്ദ്രം കേരളത്തിന് അര്‍ഹമായ ധനസഹായം പലവട്ടം നിഷേധിച്ചിട്ടും പ്രതിഷേധിക്കാനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടുമറിച്ച് പിണറായിയെ അധികാരത്തിലേറ്റിയതിന്റെ നന്ദി സൂചകമായി ബി.ജെ.പി അധ്യക്ഷന്‍ പ്രതിയായ കൊടകര കുഴല്‍പ്പണക്കേസ് ഇ.ഡിക്കു വിടാതെ പിണറായി വിജയന്‍ ചവിട്ടിപ്പിടിച്ചിരിക്കുകയാണ്.

കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാള്‍ എസുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ തോൽപിക്കാനാണ് സി.പി.എം ശ്രമിച്ചത്. നാധിപത്യവിശ്വാസികളെല്ലാം കോണ്‍ഗ്രസിന്റെ വിജയത്തിനുവേണ്ടി അഹോരാത്രം അധ്വാനിച്ചപ്പോള്‍ പിണറായിയും സംഘവും കോണ്‍ഗ്രസിനെ ക്ഷയിപ്പിച്ച് ബി.ജെ.പിയുടെ രഥമുരുട്ടാനാണ് ശ്രമിച്ചത്. രാജ്യത്തെ ജനാധിപത്യ മതേതരശക്തികള്‍ ഇന്ത്യ മുന്നണി രൂപീകരിച്ചപ്പോള്‍ അതിന്റെ ഏകോപന സമിതിയിലേക്ക് സി.പി.എം കേന്ദ്രനേതൃത്വം പ്രതിനിധിയെ വിടാതിരുന്നത് പിണറായിയുടെ നിര്‍ദേശപ്രകാരമാണെന്നും സുധാകരൻ ആരോപിച്ചു.

Tags:    
News Summary - K Sudhakaran against Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.