അരി ചാമ്പാൻ അരിക്കൊമ്പൻ, കേരളം ചാമ്പാൻ ഇരട്ടച്ചങ്കൻ എന്നത് യാഥാർഥ്യം -കെ. സുധാകരൻ

തിരുവനന്തപുരം: അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ, കേരളം ചാമ്പാൻ ഇരട്ടച്ചങ്കൻ എന്നത് ട്രോളാണെങ്കിലും വലിയ യാഥാർഥ്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ഖജനാവ് കാലിയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാകാലവും ഐക്യ ജനാധിപത്യ മുന്നണി സമാധാനം പാലിക്കില്ല. ക്രമസമാധാന തകർച്ചയില്ലാതെ ഏതറ്റംവരെയുള്ള സമരവുമായും മുന്നോട്ടുപോകാൻ ഞങ്ങൾക്ക് യാതൊരു മടിയുമില്ല. അതിന്റെ മുന്നിൽ എല്‍ഡിഎഫിനെ മുട്ടുകുത്തിക്കുമെന്നും സുധാകരൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികമായ ഇന്ന് യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമരം ഉദ്ഘാടനം ചെയ്തു. രാവിലെ ഏഴ് മുതൽ തന്നെ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ സെക്രട്ടറിയേറ്റ് വളയലിന് തുടക്കം കുറിച്ചിരുന്നു. എട്ട് മണിയോടെ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പ്രവർത്തകരും ഒമ്പത് മണിയോടെ ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രവർത്തകരും സമരത്തിൽ അണിചേർന്നു. സർക്കാരിന്റെ നയങ്ങൾ ജനദ്രോഹമാണെന്ന് കുറ്റപ്പെടുത്തിയാണ് സമരം.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള യു.ഡി.എഫ് പ്രവർത്തകരാണ് സെക്രട്ടേറിയറ്റിന്‍റെ പ്രധാന ഗേറ്റുകളിൽ സമരം നടത്തുന്നത്. ഓരോ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ ഏതെല്ലാം ഗേറ്റുകളിൽ സമരം നടത്തണമെന്ന് മുന്നണി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

രണ്ടാം വാർഷികത്തിൽ പിണറായി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ധൂർത്ത് കൊണ്ട് കേരളത്തെ തകർത്ത മുഖ്യമന്ത്രിക്കും എൽ.ഡി.എഫ് സർക്കാറിനും പാസ് മാർക് പോലും നൽകില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു.

പിണറായി സർക്കാർ ദയനീയ പരാജയമാണ്. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് ഏറ്റവും കൂടുതൽ കിടപ്പാടങ്ങൾ ജപ്തി ചെയ്തത്. എന്നിട്ടും ജനങ്ങളുടെ മേൽ ആയിരം കോടിയുടെ നികുതി ഭാരം സർക്കാർ കെട്ടിവെക്കുകയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ഭീരുവായത് കൊണ്ടാണ് മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത്. അഴിമതിയുമായി ബന്ധമില്ലെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയോട് വെല്ലുവിളിക്കുകയാണ്. മറുപടി പറഞ്ഞാൽ പ്രതിപക്ഷം കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം.

മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് എല്ലാ അഴിമതിയും നടന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമില്ലെങ്കിൽ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ എന്തിനാണ് ജയിലിൽ പോയത്. പിണറായി വിജയന് മുഖ്യമന്ത്രി പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: യു.ഡി.എഫിന്‍റെ സെക്രട്ടേറിയറ്റ് ഉപരോധം, സർക്കാറിന്‍റെ രണ്ടാംവാർഷികാഘോഷവുമായി ബന്ധപ്പെട്ട റാലി എന്നിവയുമായി ബന്ധപ്പെട്ട് തലസ്ഥാനനഗരിയിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധവുമായി ബന്ധപ്പെട്ട് രാവിലെ ആറ് മുതല്‍ പാളയം- സ്റ്റാച്യു- ഓവര്‍ ബ്രിഡ്ജ് വരെയുള്ള എം.ജി റോഡിലാണ് നിയന്ത്രണം.

എല്‍.ഡി.ഫ് സര്‍ക്കാരിന്റെ രണാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന റാലിയും പൊതുസമ്മേളനവുമായി ബന്ധപ്പെട്ട് വൈകുന്നേരം മൂന്ന് മണി മുതല്‍ നഗരത്തിലെ എം.ജി റോഡിലും മണക്കാട്‍, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി, തമ്പാനൂര്‍, പവര്‍ഹൗസ് റോഡ് എന്നീ ഭാഗങ്ങളിലും അനുബന്ധ റോഡുകളിലുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സ്റ്റാച്യൂ ഭാഗത്ത് ഗതാഗത തടസ്സമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പാളയം ഭാഗത്ത് നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പബ്ലിക് ലെെബ്രറി-പഞ്ചാപുര-ബേക്കറി ഫ്ലെെഓവർ-പനവിള-തമ്പാനൂർ വഴി പോകണം. ചാക്ക ഭാഗത്ത് നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാറ്റൂർ-വഞ്ചിയൂർ വഴിയും, ആശാൻ സ്ക്വയർ-അണ്ടർ പാസേജ്-ബേക്കറി ഫ്ലെെഓവർ വഴിയും ,വെള്ളയമ്പലം ഭാഗത്ത് നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വഴുതക്കാട് -തെെക്കാട് -തമ്പാനൂർ വഴിയും പോകണമെന്ന് സിറ്റി പൊലീസ് അറിയിച്ചു.

Tags:    
News Summary - K sudhakaran against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.