ഇന്ധനവില 100 കടത്തിയത് മോദി-പിണറായി കൂട്ടുകെട്ട്, ധനമന്ത്രി കല്ലുവെച്ച കള്ളം പറയുന്നു -കെ. സുധാകരന്‍ എംപി

കണ്ണൂർ: ഇന്ധനനികുതി കുത്തനെ കൂട്ടിയ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അതിനെ ന്യായീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 17 തവണ ഇന്ധന നികുതി കൂട്ടിയതായി കല്ലുവച്ച കള്ളം പറയുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. യു.ഡി.എഫ് അധികാരം വിട്ട 2016 മേയിൽ പെട്രോളിന് 64.12 രൂപയും ഡീസലിന് 54.78 രൂപയുമായിരുന്നു വില. ഏതാനും വര്‍ഷംകൊണ്ട് ഇന്ധനവില 100 കടത്തിയത് മോദി- പിണറായി കൂട്ടുകെട്ടാണെന്നും ഇതിനെതിരെ കോണ്‍ഗ്രസ് തീപാറുന്ന സമരം ഏറ്റെടുത്തു കഴിഞ്ഞുവെന്നും സുധാകരന്‍ പറഞ്ഞു.

അന്താരാഷ്ട്രവിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില മാറുന്നതിനനുസരിച്ച് വില നിര്‍ണയിക്കുന്ന രീതി വന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വില കൂട്ടിയതനുസരിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇന്ധന നികുതി കൂടിയത്. എന്നാല്‍, കേന്ദ്രം വില കൂട്ടിയപ്പോള്‍ നാലു തവണ അധികനികുതി വേണ്ടെന്നുവച്ച് യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് 619.17 കോടിയുടെ സമാശ്വാസം നല്കി. ഇടതുസര്‍ക്കാര്‍ ഈ മാതൃക പിന്തുടര്‍ന്നില്ലെന്നു മാത്രമല്ല ഇപ്പോള്‍ ലിറ്ററിന് 2 രൂപ സെസ് കൂട്ടുകയും ചെയ്തു.

ഇതോടെ കേരളത്തില്‍ ശരാശരി വില പെട്രോളിന് 107.59 രൂപയും ഡീസലിന് 96.53 രൂപയുമായി കുത്തനേ ഉയര്‍ന്നു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രീതിയിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്.

രാജ്യത്ത് ഇന്ധനങ്ങള്‍ക്ക് ഏറ്റവുമധികം നികുതിയും വിലയുമുള്ള സംസ്ഥാനമാണ് കേരളം. പെട്രോളിന് എക്‌സൈസ് നികുതി 19.90 രൂപയും സംസ്ഥാന വില്‍പന നികുതി 23.32 (30.08%) രൂപയുമാണ്. പെട്രോളിന് എക്‌സൈസ് നികുതി 15.80 രൂപയും സംസ്ഥാന വില്‍പന നികുതി 16.90 ( 22.76%) രൂപയുമാണ്. ഇതു കൂടാതെയാണ് ഇപ്പോള്‍ 2 രൂപയുടെ സെസ്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില കുറഞ്ഞതോടെ 2022 മേയ് മുതല്‍ ഇന്ധനവിലയില്‍ മാറ്റമില്ല. 2021 നവംബറിലും 2022 മേയിലുമായി കേന്ദ്രം പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കുറച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വില്പന നികുതി കുറച്ചതേയില്ല.

2014ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിന് 9.48 ഉം ഡീസലിന് 3.65ഉം രൂപയുടെ എക്‌സൈസ് നികുതി ഉണ്ടായിരുന്നതാണ് ഇപ്പോള്‍ 19.90 രൂപയും 15.80 രൂപയുമായി കുതിച്ചുയര്‍ന്നത് -സുധാകരൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - k sudhakaran against petrol diesel cess

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.