സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ-റെയിൽ

തിരുവനന്തപുരം: ഭൂമിയേറ്റെടുക്കലിന് നിയോഗിച്ച ഉദ്യോഗസ്ഥരെ പിൻവലിക്കാനും പുനർവിന്യസിക്കാനുമുള്ള സർക്കാറിന്‍റെ നിർണായക തീരുമാനത്തിന് പിന്നാലെ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് വിശദീകരിച്ച് കെ-റെയിൽ. നിര്‍ദിഷ്ട കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കേന്ദ്രസര്‍ക്കാറോ സംസ്ഥാന സര്‍ക്കാറോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും ഏറെ ഇടവേളക്ക് ശേഷമുള്ള വാർത്തക്കുറിപ്പിൽ കെ-റെയിൽ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറക്ക് തുടര്‍നടപടികളിലേക്ക് കടക്കും. റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ-റെയില്‍ കോര്‍പറേഷന്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഹൈഡ്രോളജിക്കല്‍ പഠനം, സമഗ്ര പാരിസ്ഥിതി ആഘാത വിലയിരുത്തല്‍ പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയവ വിവിധ ഏജന്‍സികൾ പൂര്‍ത്തിയാക്കിവരുകയാണ്.

സില്‍വർ ലൈന്‍ അലൈന്‍മെന്റില്‍ വരുന്ന റെയില്‍വേ ഭൂമിയുെടയും നിലവിലെ റെയില്‍വേ കെട്ടിടങ്ങളുെടയും റെയില്‍ ക്രോസുകളുെടയും വിശദ രൂപരേഖ സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് കൈമാറിയത്. ഡി.പി.ആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം കെ-റെയില്‍ നേരേത്തതന്നെ മറുപടി നല്‍കിയിരുന്നു. പദ്ധതി കടന്നുപോകുന്ന ഒമ്പത് ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭൂമി സില്‍വർ ലൈനിന് ആവശ്യമായി വരുന്നുണ്ടെന്നും അധികൃതർ വിശദീകരിക്കുന്നു. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും പദ്ധതിയിൽനിന്ന് പിൻവലിയുന്നതിന്‍റെ കൃത്യമായ സൂചനകളാണ് സർക്കാറിൽനിന്നുള്ളത്. 

Tags:    
News Summary - K-Rail says Silver Line has not been abandoned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.