ഇംപാക്ട് പ്ലെയർ ആയി വീണ്ടും മുരളിയുടെ മാസ് എൻട്രി

ലീഡർ കെ. കരുണാകരന്റെ ഓമന പുത്രി പത്മജ വേണുഗോപാലിനെ പാർട്ടിയിൽ കൊണ്ടുവരുന്നത് വഴി തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയസാധ്യത വർധിപ്പിക്കാമെന്ന ബി.ജെ.പി മോഹത്തിന് ഓർക്കാപ്പുറത്തേറ്റ കനത്ത പ്രഹരമായി കോൺഗ്രസ് നീക്കം. പാർട്ടിയിലെ ജനകീയ നേതാക്കളിൽ മുൻനിരയിലുള്ള കെ. മുരളീധരനെ തൃശ്ശൂരിൽ മത്സരിപ്പിക്കുക വഴി കോൺഗ്രസ് ലക്ഷ്യമിടുന്നത് പലതാണ്.

ആ സീറ്റ് നിലനിർത്തുക മാത്രമല്ല, ബി.ജെ.പി മോഹങ്ങളെ തല്ലിക്കെടുത്തുന്ന വടകര- നേമം സ്റ്റൈൽ മാസ് എൻട്രി ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് സംസ്ഥാനമാകെ ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ ആണ് പാർട്ടി നേതൃത്വം. ഏത് മണ്ഡലത്തിലും വിജയപ്രതീക്ഷയോടെ മത്സരിപ്പിക്കാവുന്ന നേതാക്കൾ കേരള രാഷ്ട്രീയത്തിൽ ഇന്ന് തീർത്തും വിരളമാണ്. അവിടെയാണ് മുരളിയുടെ പ്രസക്തി.


കോഴിക്കോട് നിന്ന് മൂന്ന് തവണ ലോക്സഭയിലേക്ക് ജയിച്ച അദ്ദേഹം രണ്ടു പ്രാവശ്യവും നിയമസഭയിലെത്തിയത് തിരുവനന്തപുരം വട്ടിയൂർകാവിൽ നിന്നാണ്. ഇടക്ക് തൃശൂർ ലോക്‌സഭ മണ്ഡലത്തിലും കൊടുവള്ളി, വടക്കാഞ്ചേരി നിയമസഭാ മണ്ഡലങ്ങളിലും തോൽവി അറിഞ്ഞു. 2009ൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഒരു മുന്നണിയുടെയും ഭാഗമല്ലാതെ എൻ.സി.പി ടിക്കറ്റിൽ ഇറങ്ങിയ മുരളിക്ക് ലഭിച്ച ലക്ഷം വോട്ടിന്റെ സിംഹഭാഗവും അദ്ദേഹത്തിനുള്ള വ്യക്തിപരമായ പിന്തുണ തന്നെയായിരുന്നു.

ഗ്രൂപ്പ് പോര് കൊടുമ്പിരികൊണ്ട കാലത്തും ഡി.ഐ.സി, എൻ.സി.പി പാർട്ടികളിൽ ആയിരുന്നപ്പോഴും പരാജയം രുചിച്ച മുരളി തിരിച്ചെത്തിയതോടെ കോൺഗ്രസുകാർ അല്ലാത്തവർക്കും പ്രിയങ്കരനാവുന്നതാണ് കണ്ടത്. 2011ലും 16ലും ബി.ജെ.പി ഭീഷണി കൂടി മറികടന്നാണ് അദ്ദേഹം വട്ടിയൂർക്കാവിൽ നിന്ന് നിയമസഭയിൽ എത്തിയത്. മുരളി മാറിയതിൽ പിന്നെ വട്ടിയൂർക്കാവിൽ കോൺഗ്രസ് ജയിച്ചിട്ടില്ലെന്നതും ചരിത്രം.


2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലം. വടകര സീറ്റ് കീറാമുട്ടിയായി തുടരവെയാണ് മുരളി തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് വണ്ടി കയറുന്നത്. രാഹുൽ ഗാന്ധി തരംഗവും ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ വടകരയിലെ ഭൂരിപക്ഷം ലക്ഷം കടന്നു.

2021ൽ നേമത്തേക്ക്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റിൽ ജയം ഉറപ്പിച്ചു കുമ്മനം രാജശേഖരൻ ഇറങ്ങുന്നു. സി.പി.എം വി. ശിവൻകുട്ടിയെ തന്നെ കൊണ്ടുവന്നു. 2016ൽ യു.ഡി.എഫ് വോട്ടിലുണ്ടായ വൻ ചോർച്ചയും ഒ. രാജഗോപാലിന്റെ ജയത്തിന് കാരണമായിരുന്നു. മുരളിയുടെ വരവിൽ യു.ഡി.എഫ് വോട്ടുകൾ പെട്ടിയിൽ തിരിച്ചെത്തി. ശിവൻകുട്ടി വീണ്ടും നിയമസഭയിലുമെത്തി.

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഇംപാക്ട് പ്ലെയർ നിയമം വന്നത് സമീപകാലത്താണ്. പ്ലേയിങ് ഇലവനിലെ കളിക്കാരനെ മാറ്റി സാഹചര്യം ആവശ്യപ്പെടുന്ന ബൗളറെയോ ബാറ്ററെയോ ഇറക്കാം. വിജയമാണല്ലോ ലക്ഷ്യം. കേരള രാഷ്ട്രീയത്തിലെ ഇംപാക്ട് പ്ലെയർ ആണ് കെ. മുരളീധരൻ. മുരളിയുടെ വരവ് ചലനമുണ്ടാക്കുമെന്നുറപ്പ്.

Tags:    
News Summary - K Muraleedharan's mass entry as an impact player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.