'ഇവിടെ തന്നെ ഒഴിവില്ല, എന്തിനാണ് അവരെയും കൂടി വിളിക്കുന്നത്'; ഹസനെ തള്ളി കെ. മുരളീധരൻ

കോഴിക്കോട്: സി.പി.എം നേതാവ് ഇ.പി. ജയരാജനെയും ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെയും കോൺഗ്രസിലേക്ക് ക്ഷണിച്ച യു.ഡി.എഫ് കൺവീനർ എം.എം. ഹസന്‍റെ നടപടിയെ തള്ളി കെ. മുരളീധരൻ എം.പി. എന്തിനാണ് അവരെയും കൂടി കൊണ്ടുവരുന്നത് എന്ന് മുരളീധരൻ ചോദിച്ചു. ഇവിടെ തന്നെ ഒഴിവില്ലല്ലോ. അവരെ വിളിച്ച് എന്തിനാ ബുദ്ധിമുട്ടിക്കുന്നത്? അവർ അവരുടെ കാര്യം നോക്കിക്കോട്ടെ എന്നും മുരളീധരൻ പറഞ്ഞു.

കോൺഗ്രസിന്‍റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ഇ.പി. ജയരാജനെ പോലെയൊരാൾ പാർട്ടിയിലേക്ക് കടന്നുവരാൻ തയാറായാൽ ഞങ്ങൾ ആലോചിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു എം.എം. ഹസന്‍റെ പ്രസ്താവന.

'ഇ.പി. ജയരാജനെ പോലെയൊരാൾ മാർക്സിസ്റ്റ് പാർട്ടിയുടെ സർവാധിപത്യത്തിനും ജനാധിപത്യവിരുദ്ധവുമായ പ്രവർത്തനങ്ങൾക്കുമെതിരെ നിലപാട് സ്വീകരിച്ച് കോൺഗ്രസിന്‍റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വാസമർപ്പിച്ച് കോൺഗ്രസിലേക്ക് കടന്നുവരാൻ തയാറായാൽ ഞങ്ങൾ ആലോചിക്കും, തീരുമാനമെടുക്കും' -ഹസൻ പറഞ്ഞു.

ബി.ജെ.പിയുടെ വർഗീയ ഫാഷിസത്തിലും അടിസ്ഥാന നയങ്ങളിലും വിയോജിപ്പ് പ്രകടിപ്പിച്ച് രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാൻ തയാറായാൽ ശോഭാ സുരേന്ദ്രനെയും ഉൾക്കൊള്ളുന്നത് ഞങ്ങൾ ആലോചിക്കും -ഹസൻ പറഞ്ഞു.

ഏക സിവിൽകോഡിനെതിരെ സി.പി.എം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽനിന്ന് ഇ.പി. ജയരാജൻ വിട്ടുനിന്നത് വിവാദമാകുമ്പോഴാണ് യു.ഡി.എഫ് കൺവീനറുടെ ക്ഷണം. സി.പി.എം സെമിനാറിൽ പങ്കെടുക്കാത്ത ഇ.പി. ജയരാജന്‍ തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയിൽ‌ പങ്കെടുത്തിരുന്നു. സെമിനാറിൽ ഇ.പി. ജയരാജന്‍ പങ്കെടുക്കാത്തതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരസ്യപ്രതികരണം നടത്തിയിരുന്നു. 

Tags:    
News Summary - K Muraleedharans comment on MM Hassans invitation to EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.