തിരുവനന്തപുരം: പാർട്ടിയിൽ നിന്ന് പുറത്തായവർ ഏതൊക്കെ കേസുകളിൽ പെടുന്ന എന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്ന് കെ. മുരളീധരൻ. ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കെ. മുരളീധരൻ.
തെറ്റ് ചെയ്തതുകൊണ്ടാണ് രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. തക്ക സമയത്ത് തന്നെ പാർട്ടി രാഹുലിനെതിരെ ബ്രഹ്മാസ്ത്രം പ്രയോഗിച്ചിട്ടുണ്ട്. ഇനിയുള്ള കാര്യങ്ങൾക്ക് പാർട്ടിക്ക് ഒരുവിധത്തിലുള്ള ഉത്തരവാദിത്തവും ഇല്ലെന്നും മുരളീധരൻ വ്യക്തമാക്കി.
പാർട്ടി നടപടി ശരിയാണെന്ന് തുടർന്നുള്ള സംഭവങ്ങൾ തെളിയിക്കും. രാഹുൽ എം.എൽ.എ സ്ഥാനം സ്വയം രാജിവച്ചു പോകേണ്ടതായിരുന്നു. പുറത്താക്കിയ ആൾ രാജിവെക്കണമെന്ന് തങ്ങൾക്ക് പറയാൻ നിവൃത്തിയില്ല. ഇനിയിപ്പോൾ വിപ്പ് പോലും ബാധകമല്ല. രാഹുലിന്റെ ഇനിയുള്ള പ്രവൃത്തികളിൽ ഞങ്ങൾക്ക് ഉത്തരവാദിത്തമില്ല. കോൺഗ്രസ് ജനങ്ങളെ സേവിക്കേണ്ട പാർട്ടിയാണ്. അതിനെ മറ്റ് കളരിക്ക് ഉപയോഗിക്കേണ്ട പ്രസ്ഥാനമല്ലെന്നും മുരളീധരൻ പറഞ്ഞു.
സി.പി.എം ഇത് രാഷ്ട്രീയമായി ആയുധമാക്കിയാൽ തിരിച്ച് പറയാൻ തങ്ങൾക്കും ധാരാളമുണ്ട്. തങ്ങളുടെ പാർട്ടിയാണ് നടപടിയെടുത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ചിട്ടുപോലും അതിൽ പറഞ്ഞിട്ടുള്ളയാളെ രണ്ട് തവണ സ്ഥാനാർഥിയാക്കി. അപ്പോൾ ഈ വിഷയമൊന്ന് പറഞ്ഞുകിട്ടാൻ തങ്ങൾ കാത്തിരിക്കുകയാണെന്നും അങ്ങോട്ട് പറയാനും ഒത്തിരിയുണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു.
തെറ്റ് കണ്ടതുകൊണ്ടാണ് രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. അതിലിനി കൂടുതൽ പ്രതികരിക്കേണ്ട ആവശ്യമില്ല. കൂട്ടത്തിൽ നിർത്താൻ കൊള്ളാൻ ആളാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി എടുത്തത്. അതിൽ ഇനി ചർച്ചയില്ല. സർക്കാറും പൊലീസുമാണ് ഉചിതമായ നടപടി സ്വീകരിക്കേണ്ടത്. കോൺഗ്രസ് ഒരിക്കലും തെറ്റിനെ ന്യായീകരിക്കില്ല. തെറ്റ് കണ്ടാൽ ശിക്ഷിക്കും. ഞങ്ങളുടെ പാർട്ടി ചെയ്താൽ ശരിയെന്നും മറ്റ് പാർട്ടിക്കാർ ചെയ്താൽ തെറ്റാണെന്നുമുള്ള സംസ്കാരം കോൺഗ്രസിനില്ല. സ്വർണം കട്ടവരെയും സ്ത്രീലമ്പടൻമാരെയും പ്രോത്സാഹിപ്പിക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.