‘യു.ഡി.എഫിനെ കുറ്റം പറഞ്ഞാൽ എങ്ങനെ മുന്നണിയിൽ ചേരാനാവും’; അൻവർ ആദ്യം യു.ഡി.എഫ് സ്ഥാനാർഥിയെ നിരുപാധികം പിന്തുണക്കണമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.വി. അൻവർ ഉയർത്തുന്ന സമ്മർദതന്ത്രത്തിനെതിരെ പ്രതികരണവുമായി കോൺഗ്രസ് മുതിർന്ന നേതാവ് കെ. മുരളീധരൻ. പിണറായി വിജയനെതിരെ എല്ലാ ആയുധവും എടുത്ത് പോരാടണമെന്നാണ് യു.ഡി.എഫ് തീരുമാനം. നിലമ്പൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എടുത്ത എല്ലാ തീരുമാനവും സംസ്ഥാന നേതൃത്വം കൂട്ടായി എടുത്തതാണെന്നും മുരളീധരൻ വ്യക്തമാക്കി.

അൻവറിനെ സഹകരിപ്പിക്കാൻ യു.ഡി.എഫ് തീരുമാനിച്ചതാണ്. കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ അനുമതിക്കായാണ് കാത്തിരുന്നത്. ആദ്യം അൻവർ പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞാൽ മറ്റ് വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാം. യു.ഡി.എഫിനെ സഹായിച്ചാൽ മുന്നണി കൈവിടില്ല. എൽ.ഡി.എഫിന്‍റെ രീതിയല്ല യു.ഡി.എഫിനുള്ളത്. സഹായിക്കുന്നവരെ തിരികെ സഹായിക്കുമെന്ന് കെ. മുരളീധരൻ പറഞ്ഞു.

പിന്തുണ പ്രഖ്യാപിക്കുന്നതിൽ നിബന്ധനകൾ വെക്കരുത്. യു.ഡി.എഫിനെ കുറ്റം പറഞ്ഞാൽ എങ്ങനെ മുന്നണിയിൽ ചേരാൻ സാധിക്കുക. പിണറായിസത്തിനെതിരെയാണ് അൻവറിന്‍റെ നിലപാടെങ്കിൽ യു.ഡി.എഫിനെ പിന്തുണക്കുകയാണ് മാർഗം. അൻവർ ഒറ്റക്ക് നിന്നാൽ പിണറായിക്ക് കൂടുതൽ ഊർജം വരികയേയുള്ളൂവെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.

യു.ഡി.എഫ് പറഞ്ഞ വാക്കുപാലിച്ചില്ലെന്നും കാലുപിടിക്കുമ്പോൾ മുഖത്തിന് ചവിട്ടുകയാണെന്നും ഇനി കാലുപിടിക്കാനില്ലെന്നും രാവിലെ മാധ്യമങ്ങളെ കണ്ട പി.വി. അൻവർ വ്യക്തമാക്കിയത്. കമ്പ്യൂട്ടറിൽ മാത്രമുള്ള പാർട്ടിവരെ ഘടകക്ഷികളായ യു.ഡി.എഫിൽ തന്റെ പാർട്ടിയെ മാറ്റിനിർത്തുന്നത് ആരുടെ താൽപര്യമാണെന്നും എന്താണ് ഞാൻ ചെയ്ത കുറ്റമെന്ന് യു.ഡി.എഫ് വ്യക്തമാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

ഈ സർക്കാറിനെ താഴെ ഇറക്കാനാണ് താൻ രാജിവെച്ചത്. അതുകൊണ്ടാണ് യു.ഡി.എഫുമായി ഒരുമിച്ച് പോകാൻ തീരുമാനിച്ചത്. എന്നാൽ യു.ഡി.എഫ് നേതൃത്വം പറഞ്ഞ വാക്കുപാലിച്ചില്ല. യു.ഡി.എഫിന് കത്ത് കൊടുത്തിട്ട് നാലു മാസം കഴിഞ്ഞു. ഈ മാസം രണ്ടിന് കോഴിക്കോട്ട് യു.ഡി.എഫ് യോഗം ചേർന്നപ്പോൾ ഈ കത്ത് ചർച്ച ചെയ്യുകയും താനുമായി സഹകരിച്ച് പോകാൻ തീരുമാനിച്ചതുമാണ്. അന്ന് യു.ഡി.എഫ് കൺവീനറായിരുന്ന എം.എം. ഹസൻ ഇക്കാര്യങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഏൽപ്പിച്ചതാണ്.

മെയ് 15ന് പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തുകയും യോജിച്ച് പോകാൻ തീരുമാനിക്കുകയും ചെയ്തു. ഈ വിവരം രണ്ടു ദിവസത്തിനകം വാർത്താസമ്മേളനം വിളിച്ച് പറയുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പിന്നീട് ഒരക്ഷരം പറഞ്ഞിട്ടില്ല. യു.ഡി.എഫ് മുന്നണിയിൽ പ്രവേശിക്കാനുള്ള ശ്രമങ്ങൾ ഇനിയും തുടരാൻ തന്നെയാണ് തീരുമാനം. കെ.സി. വേണുഗോപാലിലാണ് ഇനി പ്രതീക്ഷയെന്നും മുന്നണിയിൽ ഇല്ലെങ്കിൽ തൃണമൂൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്നും അൻവർ വ്യക്തമാക്കി.

യു.ഡി.എഫിന്‍റെ ഭാഗമാക്കിയിരുന്നെങ്കിൽ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നു. താൻ ചെയ്ത കുറ്റം എന്താണെന്നും ഈ സര്‍ക്കാറിനെ താഴെയിറക്കാൻ ആരുടെ കാലാണ് പിടിക്കേണ്ടതെന്നും പിവി അൻവര്‍ ചോദിച്ചു. ജനങ്ങളോട് പറയുമ്പോഴാണ് അധികപ്രസംഗി ആകുന്നത്. ഇന്നലെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടു. ഇപ്പോള്‍ ചെളിവാരി എറിയുകയാണ്. അവസാന വഴിയെന്ന നിലയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്ന നിലപാടാണ് അൻവര്‍ വ്യക്തമാക്കിയത്.

Tags:    
News Summary - K. Muraleedharan react to PV Anvar Issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.