മലപ്പുറം: ഡൽഹി മദ്യനയക്കേസിൽ പ്രതിയായ തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകൾ കെ. കവിത കേരളത്തിലും വന്നിരുന്നുവെന്നും അവർ എവിടെയാണ് താമസിച്ചതെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് കവിത വന്നതും സര്‍ക്കാറുമായി സംസാരിച്ചതും. എലപ്പുള്ളിയില്‍ ഒയാസിസ് കമ്പനി സ്ഥലം വാങ്ങിയ ശേഷം അവര്‍ക്കു വേണ്ടിയാണ് മദ്യനയം മാറ്റിയത്. മദ്യനയക്കേസിൽ ഒയാസിസ് കമ്പനിക്കു പുറമെ കവിതയും പ്രതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഒയാസിസ് കമ്പനിയുടെ വക്താവിനെ പോലെയാണ് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് സംസാരിക്കുന്നത്. കമ്പനിയേക്കാൾ വീറോടെ വാദിക്കുന്നത് മന്ത്രിയാണ്. എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന് ജി.എസ്.ടി ഇല്ലാതിരുന്നിട്ടും 210 കോടിയുടെ ജി.എസ്.ടി നഷ്ടമെന്ന് മന്ത്രി പറഞ്ഞത് ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണ്.
എം.പി ആയിരുന്നപ്പോള്‍ വെള്ളമില്ലാത്തതിനാല്‍ പാലക്കാട്ട് നിരവധി പദ്ധതികള്‍ ഉപേക്ഷിക്കേണ്ടിവന്നെന്ന് പറഞ്ഞ എം.ബി. രാജേഷാണ് 80 ദശലക്ഷം ലിറ്റര്‍ ജലം വേണ്ടി വരുന്ന മദ്യകമ്പനിയുടെ വക്താവായി മാറിയത്. പ്രതിപക്ഷത്തെ മാത്രമല്ല ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താന്‍ സർക്കാറിന് സാധിക്കുന്നില്ലെന്നും സതീശൻ ആരോപിച്ചു.
താൻ ഹാജരാക്കിയ മന്ത്രിസഭായോഗ കുറിപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നതാണെന്നാണ് മന്ത്രി പറഞ്ഞത്. അത് രഹസ്യരേഖയാണെന്ന് താൻ പറഞ്ഞിട്ടില്ല. വകുപ്പുകളുമായി ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും മാത്രമറിഞ്ഞാണ് കമ്പനിക്ക് അനുമതി നല്‍കിയതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. പ്ലാന്‍റ് പൂര്‍ത്തിയാകുമ്പോള്‍ ദിവസം 50 മുതല്‍ 80 ദശലക്ഷം വരെ ലിറ്റര്‍ വെള്ളം വേണ്ടിവരും. ഒരു വര്‍ഷം നന്നായി മഴ പെയ്താലും പരമാവധി 40 ദശലക്ഷം ലിറ്ററാണ് ശേഖരിക്കാന്‍ പറ്റുകയെന്നും വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.