എന്താണ് കെ ഫോൺ പദ്ധതി? അറിയേണ്ടതെല്ലാം

കോഴിക്കോട്: സംസ്ഥാന സർക്കാർ അഭിമാന പദ്ധതിയായി നടപ്പാക്കാനൊരുങ്ങുന്ന കെ ഫോൺ പദ്ധതിക്കെതിരെ അന്വേഷണത്തിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നതായി റിപ്പോർട്ട് പുറത്തുവന്നതോടെ പദ്ധതി ചർച്ചാവിഷയമാകുകയാണ്. കേരളത്തിൽ ഇന്‍റർനെറ്റ് വിപ്ലവത്തിന് തുടക്കമാകുമെന്ന വാഗ്ദാനത്തോടെയാണ് കെ ഫോൺ പദ്ധതി ഡിസംബറിൽ ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്.

എന്താണ് കെ ഫോൺ പദ്ധതി ?

സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ‍. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. അതുവഴി അതിവേഗ ഇൻ്റർനെറ്റ് കണക്ഷൻ വീടുകളിലും, 30,000 ത്തോളം ഓഫിസുകളിലും ലഭ്യമാക്കും. എല്ലാവർക്കും ഇൻ്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇൻ്റർനെറ്റ് ലഭ്യമാക്കാൻ സഹായകമാകുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

സംസ്ഥാന സർക്കാരിന്‍റെയും മറ്റ് സ്വകാര്യ ടെലികോം സർവിസ് പ്രൊവൈഡർമാരുടെയും നിലവിലുള്ള ബാൻ്റ് വിഡ്ത്ത് പരിശോധിച്ച് അതിന്‍റെ അപര്യാപ്തത മനസ്സിലാക്കുകയും അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാൻ്റ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.




 ആരാണ് പദ്ധതി നടപ്പാക്കുന്നത് ?

കെ.എസ്.ഇ.ബിയും കെ.എസ്.ഐ.ടി.ഐ.എൽഉം ചേർന്നുള്ള സംയുക്ത സംരംഭമായ കെ ഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സമയബന്ധിതമായി പദ്ധതി തുടങ്ങുന്നതിനാവശ്യമായ പഠനവും ടെൻഡർ നടപടികളും പൂർത്തീകരിക്കുകയും, പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോഷ്യത്തിന് കരാർ നൽകുകയും ചെയ്തിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽടെൽ, എൽ.എസ് കേബിൾ, എസ്.ആർ.ഐ.ടി എന്നീ കമ്പനികളാണ് പ്രസ്തുത കൺസോഷ്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

സർക്കാർ അവകാശപ്പെടുന്ന നേട്ടങ്ങൾ ?

1. എല്ലാ സർവിസ് പ്രൊവൈഡർമാർക്കും (കേബിൾ ഓപ്പറേറ്റർ, ടെലകോം ഓപ്പറേറ്റർ, ഇൻ്റർനെറ്റ് സർവിസ് പ്രൊവൈഡർ, കണ്ടൻ്റ് സർവിസ് പ്രൊവൈഡർ) തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക് ഫൈബർ നെറ്റ് വർക്ക് സംസ്ഥാനത്ത് നിലവിൽ വരും.

2. ഐ.ടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയ ഇടങ്ങളിൽ അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാകും.

3. 30,000ൽ അധികം സർക്കാർ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 mbps-തൊട്ട് 1Gbps വേഗതയിൽ നെറ്റ് കണക്ഷൻ ലഭ്യമാകും.

4. ആർട്ടിഫിഷൽ ഇൻ്റലിജെൻസ്, ബ്ലോക്ക് ചെയിൻ, ഇൻ്റർനെറ്റ് ഓഫ് തിങ്സ്, സ്റ്റാർട്ടപ്പ്, സ്മാർട്ട് സിറ്റി തുടങ്ങിയ മേഖലകളിൽ കെ ഫോൺ സൗകര്യമൊരുക്കും.

5. ഗ്രാമങ്ങളിലും ചെറുകിട സംരംഭങ്ങൾക്ക് ഇ-കോമേഴ്സ് വഴി വിൽപ്പന നടത്താം.

6. സർക്കാർ സേവനങ്ങളായ ഇ-ഹെൽത്ത്, ഇ-എഡ്യൂക്കേഷൻ, മറ്റ് ഇ- സർവിസുകൾക്ക് കൂടുതൽ ബാൻ്റ് വിഡ്ത്ത് നൽകി കാര്യക്ഷമത വർധിപ്പിക്കാൻ കെ ഫോൺ സഹായിക്കും.

7. ഉയർന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം കാര്യക്ഷമമാക്കാനും കെ ഫോൺ പദ്ധതി സഹായിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.