ജ്യോതിഷ്

അടിമാലിയുടെ കരുതൽ തുണയായി; ജ്യോതിഷ് പുതുജീവിതത്തിലേക്ക്

അടിമാലി: പ്രതിസന്ധികൾ മലവെള്ളംപോലെ വരുമ്പോഴും സഹജീവികളെ നെഞ്ചോട് ചേർക്കുന്ന മലയോര ജനതയുടെ കരുതലി​​​െൻറ പുതിയ തെളിവാണ് ജ്യോതിഷ് എന്ന 32കാരൻ. പൂർണമായും കിടപ്പിലായ അവസ്ഥയിൽ നിന്ന്​ ജീവിതത്തിലേക്ക്​ തിരിച്ചു വരുകയാണ്​ ഈ ചെറുപ്പക്കാരൻ. 2019 നവംബർ 21ന് രാത്രി ജോലി കഴിഞ്ഞ് വരുമ്പോഴാണ് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ചാറ്റുപാറയിൽനിന്ന്​ മെഴുകുംചാൽ റോഡിൽ എത്തിച്ചേരുന്ന നടപ്പാതയിൽ നിർമിച്ച പാലത്തിൽനിന്ന് വീണ് ജ്യോതിഷിന്​ പരിക്കേറ്റത്. തലക്ക് ഗുരുതര പരിക്കേറ്റ്​ നാലുമാസത്തോളം കോലഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

2018ലെ കാലവർഷക്കെടുതിയിൽ വീട് നഷ്​ടപ്പെട്ട ജ്യോതിഷും കുടുംബവും വാടകക്കാണ് താമസിച്ചിരുന്നത്. സാമ്പത്തിക പരാധീനത അലട്ടുന്ന കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ചികിത്സ​ച്ചെലവ്. സുഹൃത്തുക്കൾ ചേർന്ന് രൂപവത്​കരിച്ച ചികിത്സ സഹായ സമിതിയുമായി നാടൊന്നാകെ സഹകരിച്ചതോടെ അഞ്ചുലക്ഷത്തോളം രൂപ കണ്ടെത്താനായി. ഏഴുലക്ഷം രൂപയോളമാണ് ചികിത്സക്ക്​ ചെലവായത്.

ഫെബ്രുവരി അവസാനത്തോടെ ഡിസ്ചാർജ് ആയെങ്കിലും ഓർമയും സംസാരശേഷിയും നഷ്​ടപ്പെട്ട് പൂർണമായും കിടപ്പിലായിരുന്നു. ആശുപത്രി സംവിധാനങ്ങളോടുകൂടി നിരന്തരം ഫിസിയോതെറപ്പി നൽകിയാൽ അവസ്ഥക്ക് മാറ്റം ഉണ്ടായേക്കും എന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. എന്നാൽ, വൻകിട ആശുപത്രികളിൽ മാത്രം ലഭ്യമാകുന്ന സംവിധാനത്തിന് പ്രതിദിനം 5000 രൂപയോളം ചെലവ് വരും.

ഇതിന്​ വഴിയില്ലാതിരുന്ന കുടുംബം ചികിത്സക്ക്​ കോതമംഗലം പീസ് വാലിയെ സമീപിക്കുകയായിരുന്നു​. നിർധനർക്ക്​ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ സൗജന്യമായാണ് പീസ് വാലിയിൽ ലഭ്യമാക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പരിചയസമ്പന്നരായ ഫിസിയോതെറപ്പിസ്​റ്റുകൾ പ്രതിദിനം ആറുമണിക്കൂർ വരെ രോഗികൾക്ക് ഫിസിയോതെറപ്പി നൽകുന്നുണ്ട്​. ചികിത്സാ കാലയളവിലുടനീളം രോഗിക്കും കൂട്ടിരിപ്പുകാരനും താമസവും ഭക്ഷണവും സൗജന്യമാണ്. 

മാർച്ച്‌ ആദ്യവാരമാണ് ജ്യോതിഷ് പീസ്​വാലിയിൽ അഡ്മിറ്റായത്. ജൂൺ ആദ്യവാരത്തോടെ പരസഹായമില്ലാതെ എഴുന്നേൽക്കാനും നടക്കാനും കഴിയുന്ന അവസ്ഥയിൽ എത്തി. സംസാരശേഷിയും തിരികെ കിട്ടി. മകനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചവർക്ക് നിറകണ്ണുകളോടെ നന്ദി പറയുകയാണ് ജ്യോതിഷി​​​െൻറ മാതാപിതാക്കൾ. അകമഴിഞ്ഞുണ്ടായ സഹകരണങ്ങളാണ് നിർണായകമായതെന്ന്​ ചികിത്സ സമിതി ഭാരവാഹികൾ പറഞ്ഞു. ഇത്തരത്തിൽ പത്തുപേരെ ഒ​േരസമയം ചികിത്സിക്കാനുള്ള സൗകര്യമാണ് പീസ്​വാലിയിലുള്ളത്. ഡയാലിസിസ് സ​​െൻറർ, പാലിയേറ്റിവ് കെയർ, സാമൂഹിക-മാനസിക പുനരധിവാസ കേന്ദ്രം, സഞ്ചരിക്കുന്ന ആശുപത്രി എന്നിവയുമുണ്ട്​.

Tags:    
News Summary - Jyothish to Life in Adimali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.