പിഴ ചുമത്താനുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരുടെ അധികാരപരിധി ഉയർത്തി; 10,000 രൂപയിൽനിന്ന് ഒരു ലക്ഷമാക്കി

തിരുവനന്തപുരം: പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരുടെ അധികാരപരിധി 10,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയർത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിന് 1973ലെ ക്രിമിനൽ നടപടി സംഹിതയിലെ 29ാം വകുപ്പിലെ ഉപവകുപ്പ് ഭേദഗതി ചെയ്യുന്നതിന് ഹൈകോടതി രജിസ്ട്രാർ ജനറൽ നൽകിയ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചു .

മോട്ടോർ വാഹന നിയമ (ഭേദഗതി) ആക്റ്റ് 2019 നിലവിൽ വന്നതോടെ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ പത്തുമടങ്ങ് വർധിച്ച സാഹചര്യം കണക്കിലെടുത്താണ് നടപടി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് ചുമത്താവുന്ന പരമാവധി പിഴ 10,000 രൂപ മാത്രമായതിനാൽ നിലവിലുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പ്രോസിക്യൂഷൻ നടപടി ക്രമങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഭേദഗതി വരുത്താനുള്ള കരട് ബില്ലിന് അംഗീകാരം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ ശമ്പളം പിടിക്കും

ആശ്രിത നിയമനം വഴി ജോലി ലഭിച്ച ജീവനക്കാർ വ്യവസ്ഥ ലംഘിച്ചാൽ നടപടിയെടുക്കാൻ മന്ത്രി സഭ യോഗം തീരുമാനിച്ചു. ഇത്തരത്തിൽ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാത്തവരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിരിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകാൻ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും.

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെങ്കിൽ പ്രസ്തുത ജീവനക്കാരനെതിരെ ആശ്രിതർക്ക് നിയമനാധികാരിക്ക് രേഖാമൂലം പരാതി നൽകാം. ആഹാരം, വസ്തു, പാർപ്പിടം, ചികിത്സ, പരിചരണം എന്നിവയാണ് സംരക്ഷണം എന്ന നിർവചനത്തിൽപ്പെടുന്നത്.

ആശ്രിതരുടെ പരാതിയിൽ ബന്ധപ്പെട്ട തഹസിൽദാർ മുഖേന അന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങിയ ശേഷം അടിസ്ഥാന ശമ്പളത്തിൻ്റെ 25% പ്രതിമാസം പിടിച്ചെടുത്ത് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. തഹസിൽദാരുടെ അന്വേഷണത്തിൽ ആക്ഷേപമുള്ള ജീവനക്കാർക്ക് മൂന്ന് മാസത്തിനകം ജില്ലാ കലക്ടർക്ക് അപ്പീൽ സമർപ്പിക്കാം. പരാതിയിൽ ജില്ലാ കലക്ടർ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.  

Tags:    
News Summary - Judicial first class magistrates can impose fines upto 1 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.