തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ ലോകായുക്തയുടെ നിർണായക വിധി വെള്ളിയാഴ്ച. വെള്ളിയാഴ്ച വിധി പറയേണ്ട കേസുകളുടെ പട്ടികയില്‍ ദുരിതാശ്വാസനിധി കേസും ഉള്‍പ്പെടുത്തി.കഴിഞ്ഞവർഷം മാർച്ച് 18ന് കേസിൽ വാദം പൂർത്തിയായിട്ടും വിധി പറയാത്തത് ചോദ്യംചെയ്ത് ഹരജിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റംഗം ആര്.എസ്. ശശികുമാര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു.
ലോകായുക്തയെ തന്നെ സമീപിക്കാനായിരുന്നു ഹൈകോടതി നിർദേശം. കോടതി നിർദേശാനുസരണം ശശികുമാർ നൽകിയ ഹരജിയും ലോകായുക്ത പരിഗണനയിലാണ്.വിധി എതിരായാൽ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കേണ്ടിവന്നേക്കുമെന്ന് നിയമവിദഗ്ധർ പറയുന്നു. ലോകായുക്ത നിയമം 14 വകുപ്പ് പ്രകാരമുള്ള ഉത്തരവ് എതിരായതിനെ തുടർന്ന് കെ.ടി. ജലീലിന് മന്ത്രി സ്ഥാനം നഷ്ടമായിരുന്നു.
മുഖ്യമന്ത്രിയും ഒന്നാം പിണറായി സർക്കാറിലെ മന്ത്രിമാരും ചേർന്ന് ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രന്റെയും അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബത്തിനും കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തിൽപെട്ട് മരിച്ച പൊലീസുകാരന്റെയും കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽനിന്ന് പണവും മറ്റ് ആനുകൂല്യങ്ങളും നൽകിയെന്നാരോപിച്ചാണ് ഹരജി.
പണം അനുവദിക്കുന്നതിൽ മന്ത്രിസഭക്ക് അധികാരമുണ്ടെന്നാണ് സർക്കാർ വാദിച്ചത്. വാദത്തിനിടെ ലോകായുക്ത സർക്കാർ നടപടികളെയും വിമർശിച്ചിരുന്നു.വിധി മുന്നിൽകണ്ട് ലോകായുക്തയുടെ അധികാരം കുറക്കുന്ന ബിൽ സർക്കാർ നിയമസഭയിൽ പാസാക്കിയെടുത്തിരുന്നു. എന്നാൽ ഗവർണർ ഇതുവരെ ഒപ്പിടാത്തതിനാൽ നിയമമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.