ന്യൂഡൽഹി: ജഡ്ജി നിഷ്പക്ഷനായിരിക്കണമെന്നും അതിനർഥം യന്ത്രമനുഷ്യനെപ്പോലെ കണ്ണടച്ച് മൂകനായ കാഴ്ചക്കാരനായിരിക്കണമെന്നല്ല അർഥമെന്നും സുപ്രീംകോടതി. ബാലികയെ ബലാത്സംഗംചെയ്ത് കൊന്നുവെന്ന കേസിൽ വധശിക്ഷ വിധിച്ച ഹൈകോടതി ഉത്തരവിനെതിരെ പ്രതി നൽകിയ ഹരജി പരിഗണിക്കവെയാണ് വിചാരണക്കോടതിയേയും പട്ന ഹൈകോടതിയേയും സുപ്രീംകോടതി നിശിതമായി വിമർശിച്ചത്.
അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടിയ കോടതി വധശിക്ഷ വിധി റദ്ദാക്കി. കേസ് വീണ്ടും പരിഗണിക്കാൻ നിർദേശിച്ച് ഹൈകോടതിയിലേക്ക് തിരിച്ചയച്ചു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റേതാണ് നടപടി.
ബിഹാറിലെ ഭഗൽപൂരിൽ 2015ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ടി.വി കാണാൻ വന്ന 11കാരിയെ പ്രതി ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്. 2017ൽ വിചാരണക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. 2018ൽ പ്രതിയുടെ അപ്പീൽ തള്ളിയ ഹൈകോടതി വിചാരണക്കോടതി വിധി ശരിവെക്കുകയായിരുന്നു.
എന്നാൽ, അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രതിയെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കിയില്ലെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ്. ഫോറൻസിക് ലബോറട്ടറി റിപ്പോർട്ട് പോലും ലഭിച്ചിട്ടില്ല.
വിചാരണക്കോടതി ജഡ്ജി നിശ്ശബ്ദകാഴ്ചക്കാരനായി മാറി. സാക്ഷികളോട് പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിക്കേണ്ടത് ജഡ്ജിയുടെ കടമയാണെന്നും സുപ്രീംകോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.