അവഹേളന പരാമർശത്തിൽ എം.സി ദത്തൻ ഖേദം പ്രകടിപ്പിക്കണമെന്ന് പത്രപ്രവർത്തക യൂനിയൻ

തിരുവനന്തപുരം: അവഹേളന പരാമർശത്തിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകൻഎം.സി ദത്തൻ ഖേദം പ്രകടിപ്പിക്കണമെന്ന് പത്രപ്രവർത്തക യൂനിയൻ. എം.സി ദത്തൻ മാധ്യമ പ്രവർത്തകരോട് നടത്തിയ മോശം പരാമർശം അങ്ങേയറ്റം അപലപനീയവും അദ്ദേഹം വഹിക്കുന്ന പദവിയുടെ അന്തസിന് യോജിക്കാത്തതുമാണ്. യു ഡി എഫ് സമരത്തിനിടയിൽ സെക്രട്ടേറിയറ്റിന് മുന്നിൽ തടഞ്ഞ പൊലീസുകാരനോട് ശബ്ദിക്കരുതെന്ന് പറഞ്ഞ് കയർക്കുന്നത് കണ്ട് അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞ ന്യൂസ് 18 ലെ ഉമേഷ് ബാലകൃഷ്ണനോട് വളരെ മോശമായാണ് ദത്തൻ പ്രതികരിച്ചത്.

'വേറെ പണിയൊന്നും ഇല്ലേ, പോയി തെണ്ടിക്കൂടേ' എന്നായിരുന്നു ചോദ്യം. ഏതു തൊഴിലിനും അന്തസ് ഉണ്ടെന്ന സാമാന്യ ബോധം പോലും ഇല്ലാതെയായിരുന്നു പ്രതികരണം. തെറ്റിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിക്കാൻ എം.സി ദത്തൻ തയാറാവണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും ആവശ്യപ്പെട്ടു.

സമരം നടക്കുന്നതിനിടയിൽ പൊലീസ് അദ്ദേഹത്തെ ബാരിക്കേഡിന് അപ്പുറം തടഞ്ഞു നിർത്തിയിരിക്കുന്നത് കണ്ട് മാധ്യമ പ്രവർത്തകരാണ് ഇത് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകൻ ആണെന്നും കടത്തി വിടാനും പൊലീസിനോട് പറഞ്ഞത്. ആളറിയാതെ തടഞ്ഞതിൽ വിശദീകരിക്കാനെത്തിയ പൊലീസുകാരനോട് ശബ്ദിക്കരുത് എന്ന് ആജ്ഞാപിച്ച് ദത്തൻ കയർക്കുകയായിരുന്നു.

ഈ സമയത്താണ് അദ്ദേഹത്തോട് പ്രതികരണം ആരാഞ്ഞത്. പൊലീസ് തടഞ്ഞതിന്റെ അരിശം മാധ്യമ പ്രവർത്തകരോട് തരംതാഴ്ന്ന വാക്കുകളിലൂടെ തീർത്തത് അങ്ങേയറ്റം മോശമാണെന്ന് കൂടി എം.സി ദത്തനെ ഓർമിപ്പിക്കുന്നു.

Tags:    
News Summary - Journalist's Union wants MC Dutta to express regret for the derogatory remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.