തിരുവനന്തപുരം: കേരളാ കോൺഗ്രസ് ഇടതുമുന്നണിക്ക് ഒപ്പം തുടരുമെന്ന് ചെയർമാൻ ജോസ് കെ. മാണി. ആരും വെള്ളം കോരാൻ വരേണ്ട. വീമ്പടിക്കുന്ന തൊടുപുഴയിൽ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്ത് മാത്രമാണ്. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിന്. സംഘടനപരമായി കേരള കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കേരള കോൺഗ്രസ് എൽ.ഡി.എഫ് വിടുമെന്ന രീതിയിൽ ചർച്ചകളുണ്ടായിരുന്നു. അതിനുള്ള മറുപടിയാണ് ജോസ് കെ. മാണി നൽകിയത്. നിലവിൽ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
അതേസമയം, മുന്നണി പ്രവേശനം കേരള കോൺഗ്രസ് തള്ളുമ്പോഴും യു.ഡി.എഫിൽ ചർച്ചകൾ സജീവമാണ്. മുന്നണി വിപുലീകരിക്കുന്നത് ചർച്ച ചെയ്യാൻ ഡിസംബർ 22ന് യു.ഡി.എഫ് യോഗം വിളിച്ചിട്ടുണ്ട്.
കേരള കോൺഗ്രസിനായി വാതിൽ തുറന്നിട്ടിരിക്കുകയാണ് എന്നായിരുന്നു യു.ഡി.എഫിന്റെ വാഗ്ദാനം. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി എപ്പോൾ വന്നാലും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അറിയിക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ പി.ജെ. ജോസഫിന് എതിർപ്പുണ്ട്. ശക്തി ക്ഷയിച്ച കേരള കോൺഗ്രസ് എമ്മിനെ വേണ്ടെന്നാണ് പി.ജെ. ജോസഫ് യു.ഡി.എഫ് നേതാക്കളോട് പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് തിരിച്ചടി നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.