സത്യസന്ധമായ അന്വേഷണം വേണം; മുഖ്യമന്ത്രിയോട് പത്രപ്രവർത്തക യൂനിയൻ

തിരുവനന്തപുരം: സർവേ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രം ബ്യൂറോ ചീഫ് കെ.എം. ബഷീർ മരിച്ച സംഭവത്തിൽ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂനിയൻ മുഖ്യമന്ത്രിക്ക് കത്തെഴുതി. കേസിൽ പൊലീസിന്‍റെ നിലപാടുകൾ സംശയാസ്പദമാണ്. രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ അടങ്ങിയ കുടുംബത്തെ സഹായിക്കണമെന്നും ഭാര്യക്ക് ജോലി നൽകാൻ നടപടി ഉണ്ടാവണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ...

ഒരു പാവം മനുഷ്യൻ ഒറ്റനിമിഷത്തിൽ ഇല്ലാതായിപ്പോയ കാര്യമാണ്. അപകടം യാദൃച്ഛികം എന്നുപറഞ്ഞ് ലഘൂകരിക്കാനാവില്ല. അപകടത്തിലേക്ക് നയിച്ച കാര്യങ്ങൾ യാദൃച്ഛികമല്ല. വലിയ ധാർമികതയും ഉത്തരവാദിത്വവും മാതൃകാ പ്രവർത്തനവും ആവശ്യമുള്ള ഒരു ഉന്നത ബ്യൂറോക്രാറ്റിന്‍റെ നടപടി വിളിച്ചുവരുത്തിയ ദുരന്തമാണിത് എന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നു.
എന്താണ് സർക്കാറിന്‍റെ ഉത്തരവാദിത്വം എന്ന് മറന്നുപോകരുത്. സി.സി.ടി.വി ഉൾപ്പെടെ ഒരു തെളിവും നഷ്ടപ്പെടാത്ത അന്വേഷണം വേണം.

പൊലീസ് ഇപ്പോൾ കാര്യങ്ങൾ മൂടിവെക്കാനും വളച്ചൊടിക്കാനും ശ്രമിക്കുകയാണ്. ഇത് അനുവദിക്കരുത്. സത്യസന്ധമായി കാര്യങ്ങൾ പോകണം. ശ്രീരാം വെങ്കിട്ടരാമന്‍റെ രക്തസാമ്പിൾ എടുത്തുവോ എന്ന കാര്യത്തിൽ പോലും അധികൃതർ ഉറപ്പു പറയുന്നില്ല ഇപ്പോൾ. പൊലീസിന്‍റെ നിലപാടുകൾ സംശയാസ്പദമാണ്.


രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ്. കുടുംബത്തെ സഹായിക്കണം, ഭാര്യയ്ക്ക് ജോലി നൽകാൻ നടപടി ഉണ്ടാവണം. എല്ലാറ്റിലും ഉപരി ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിനു വഴങ്ങി പൊലീസ് ഈ കേസ് മുക്കരുത്. യഥാർഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യണം എന്ന് മാധ്യമ സമൂഹം ഒന്നടങ്കം അങ്ങയോട് ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ ഞങ്ങൾ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരും.

കേരള പത്രപ്രവർത്തക യൂണിയൻ, സംസ്ഥാന സമിതി.

Tags:    
News Summary - jornalist union letter to chief minister -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.