കോഴിക്കോട്: സമസ്തയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന കാന്തപുരം വിഭാഗത്തെ വിമർശിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ.
ഹോട്ടലിൽ കയറിയാൽ ഞാൻ കൊടുക്കും പൈസ എന്ന് പറയുന്നത് പോലെയാണ് നൂറാം വാർഷികം ഞങ്ങൾ ആഘോഷിക്കും എന്ന് പറഞ്ഞ് എല്ലാവരും വരുന്നത്. മുജാഹിദും ജമാഅത്തെ ഇസ്ലാമിയും ഇനി ആഘോഷവുമായി വരുമോയെന്നും ജിഫ്രി തങ്ങൾ പരിഹസിച്ചു. കാന്തപുരം വിഭാഗം നൂറാം വർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം.
ഞങ്ങള്‍ ആഘോഷിക്കും എന്ന് എല്ലാവരും പറയുന്നത് ആ സംഘടനയ്ക്ക് അത്രത്തോളം മഹത്വം ഉള്ളതുകൊണ്ടാണെന്നും അത്തരക്കാരോട് തനിക്ക് പറയാനുള്ളത് കേരള ജംഇയത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കേണ്ടവര്‍ ആഘോഷിക്കുമ്പോള്‍ നിങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ സഹായസഹകരണം വേണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സമസ്ത 99 വർഷം പൂര്‍ത്തിയാക്കി ശതാബ്ദിയിലേക്ക് കടക്കുന്ന പരിപാടികളുടെ തുടക്കം കുറിച്ച് കോഴിക്കോട് വരക്കല്‍ മഖാം അങ്കണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായ സമസ്ത ഇ.കെ വിഭാഗത്തിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ അടുത്ത വര്‍ഷമാണ്. 2026 ഫെബ്രുവരി നാല് മുതൽ എട്ട് വരെ കാസർകോട്ടാണ് പരിപാടി. ഇന്നാണ് സമസ്തക്ക് 99 വയസ് പൂര്‍ത്തിയാകുന്നത്. അതേസമയം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാർ നയിക്കുന്ന സമസ്ത എ.പി വിഭാഗവും ആഘോഷ പരിപാടികളുമായി രംഗത്തുണ്ട്. 1989ൽ സമസ്തയിൽ നിന്ന് പിളർന്ന ശേഷമാണ് കാന്തപുരം വിഭാഗം സംഘടന രൂപീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.