തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിക്ക് ‘ലാൽ സലാം’ എന്ന് പേരിട്ടതിൽ വിമർശനവുമായി നടൻ ജയൻ ചേർത്തല. പരിപാടിക്ക് ലാൽ സലാം എന്ന് പേരിടുന്നത് ആ പാർട്ടിയുടെ തത്വങ്ങളുമായി ചേർക്കാൻ പറ്റുമെന്ന അതിബുദ്ധി കൊണ്ടാണെന്ന് ജയൻ ചേർത്തല പറഞ്ഞു.
'പരിപാടി പ്ലാൻ ചെയ്യുമ്പോൾ ലാൽ സലാം എന്ന് പേരിട്ട് കഴിഞ്ഞാൽ അതിന് ആ പാര്‍ട്ടിയുടെ തത്വങ്ങളുമായി ചേർത്തുകൊണ്ടുപോകാൻ കഴിയുമെന്ന അതിബുദ്ധിയാണ്. മുൻ കാലങ്ങളിലൊന്നും കലയെയും കലാകാരന്മാരെയും ചേർത്തുനിർത്തുമ്പോൾ രാഷ്ട്രീപ്രസ്ഥാനങ്ങൾക്ക് ഇത്ര കണ്ട് കൂർമബുദ്ധിയോടെ ചിന്തിച്ചെടുക്കാൻ സാധിച്ചിട്ടില്ല. ഇതിനൊരു മാറ്റം വന്നത് അടുത്ത കാലത്താണ്. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന കാലം തൊട്ടാണ് ഇന്ത്യയുടെ സാംസ്കാരിക കാഴ്ചപ്പാടുകൾക്ക് മാറ്റം സംഭവിച്ചത്. എനിക്കതിനോട് ചേർച്ചയില്ല.'
'ദേശീയ അവാർഡിൽ ഒരാളെ മികച്ച നടനായി തീരുമാനിക്കുമ്പോൾ അദ്ദേഹം ഒരു മുസ്ലിമായതിന്‍റെ പേരുപറഞ്ഞ് അവാർഡ് ദാന ചടങ്ങിൽനിന്ന് മാറി നിൽക്കുകയാണ്. അവർ ചിന്തിക്കുന്നത് കലാകാരന്മാരെ അംഗീകരിക്കാനോ സാംസ്കാരിക മേഖലയെ പുഷ്ടിപ്പെടുത്താനോ അല്ല, മറിച്ച് അവരുടെ രാഷ്ട്രീയം നടപ്പിലാക്കാൻ വേണ്ടിയാണ്.' -ജയൻ ചേർത്തല പറഞ്ഞു.
ഇന്നലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ‘മലയാളം വാനോളം, ലാൽസലാം’ എന്ന പേരിലായിരുന്നു മോഹൻലാലിനുള്ള ആദരിക്കൽ ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനെ പൊന്നാട അണിയിക്കുകയും മോഹൻലാൽ ചിത്രങ്ങളിലെ ചലിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് തയാറാക്കിയ ശിൽപം സമ്മാനിക്കുകയും ചെയ്തിരുന്നു. കവി പ്രഭാവർമ എഴുതിയ കാവ്യപത്രവും ചിത്രകാരൻ എ. രാമചന്ദ്രന്റെ പെയിന്റിങ്ങും മുഖ്യമന്ത്രി മോഹൻലാലിന് സമ്മാനിച്ചു.
മോഹന്‍ലാലിനുള്ള അംഗീകാരം മലയാള സിനിമക്കുള്ള അംഗീകാരം കൂടിയാണെന്നാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്. ശതാബ്ദിയോടടുത്ത മലയാള സിനിമയില്‍ അരനൂറ്റാണ്ടായി നിറഞ്ഞുനില്ക്കുന്ന നടനാണ് മോഹന്‍ലാല്‍. നടപ്പിലും ഇരിപ്പിലും നോട്ടത്തിലും ശരീരഭാഷയിലും ഇത്രത്തോളം മലയാളിയെ സ്വാധീനിച്ച വേറെ താരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹിയിൽ വെച്ച് അതിവിശിഷ്ടമായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയ നിമിഷത്തേക്കാൾ ഏറെ വൈകാരിക ഭാരത്തോടെയാണ് താൻ നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നതെന്ന് മറുപടി പ്രസംഗത്തിൽ മോഹൻലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.