തിരുവനന്തപുരം: കെ റയിൽ വിരുദ്ധ സമരം പുനരാരംഭിക്കുമെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. നവമ്പറിൽ കേരളത്തിലെ മൂന്ന് മേഖലകളിൽ മാർച്ചും സംവാദവും ധർണയും നടത്താൻ സമിതിയുടെ സംസ്ഥാനക്കമ്മിറ്റിയുടെ അടിയന്തിര യോഗം കൂടി തീരുമാനിച്ചു.
കേരളത്തിന്റെ റെയിൽ വികസനതിന് അനിവാര്യമായ റയിൽ ഭൂമി വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ 15ന് എറണാകുളം റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും. 30ന് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ ഓഫീസിനു മുന്നിൽ സമാനമായ ആവശ്യം മുൻ നിർത്തി പ്രതിഷേധ സംഗമം നടത്തും. 26ന് കോഴിക്കോട് അഴിയൂരിൽ നടക്കുന്ന സമരത്തിന്റെ ആയിരം ദിനാചരണ പരിപാടി ഒരു സിൽവർ ലൈൻ സംവാദം, സിൽവർ ലൈൻ വിരുദ്ധ മഹാസംഗമം, പൊതു സമ്മേളനം എന്നീ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു.
സിൽവർ ലൈൻ പദ്ധതിക്കു റെയിൽവെയുടെ ഭൂമി വിട്ടു കൊടുക്കാൻ സാങ്കേതികമായ കാരണങ്ങളാൽ കഴിയുകയില്ലന്ന് സതേൺ റെയിൽവേ അധികൃതർ പല പ്രാവശ്യം കെ. റെയിൽ കോർപ്പറേഷനേയും, റെയിൽവേ ബോർഡിനെയും അറിയിച്ചിരുന്നു. ഈ ആവശ്യത്തിന് റെയിൽവെ വക ഭൂമി വിട്ടു കൊടുക്കുക ഇല്ലെന്ന് കേരളത്തിലെ പാർലമെന്റ് അംഗം കൊടിക്കുന്നിൽ സുരേഷിനേയും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
എന്നിട്ടും പിൻവാതിൽ സമ്മർദത്തിലൂടെ കേരളത്തിലെ ഇന്ത്യൻ റെയിൽ ലൈൻ കടന്നുപോകുന്ന 199 കി.മീ. ദൈർഘ്യം വരുന്ന തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ വരുന്ന വിവിധ ഇടങ്ങളിലെ 105 ഹെക്ടർ ഭൂമി കൈക്കലാക്കാനള്ള ശ്രമം തുടരുന്നതിന്റെ ഭാഗമായി വേണം കഴിഞ്ഞ ദിവസങ്ങളിൽ റെയിൽവെ ബോർഡിൽ നിന്നും സംസ്ഥാന ഡിവിഷണൽ റെയിൽ ആസ്ഥാനങ്ങളിൽ വന്നിട്ടുള്ള കത്ത്.
ഇന്ത്യൻ റെയിൽവെയുടെ വികസനത്തിന് ആവശ്യമായ ഭൂമി യഥാസമയം കൈമാറ്റം ചെയ്യപ്പെടുന്നതിൽ വിമുഖത തുടരുന്ന സംസ്ഥാന സർക്കാർ സിൽവർ ലൈനിന് വേണ്ടി റെയിൽവെയുടെ പക്കൽ വിസനത്തിന് കരുതിവെച്ചിട്ടുള്ള ഭൂമി കൂടി തട്ടിയെടുത്ത് കേരളത്തിലെ റെയിൽ വികസനത്തെ പാടെ സ്തംഭിപ്പിക്കപ്പെടുന്ന അവസ്ഥ കൈയും കെട്ടി നോക്കി നിൽക്കാൻ കഴിയുകയില്ല. തിരുവനന്തപുരം - കാസറഗോഡ് റെയിൽ റൂട്ടിലായിട്ടുള്ള 120 റെയിൽവേ സ്റ്റേഷനുകളിലെ സാധാരണക്കാരായ യാത്രക്കാരുടെ റെയിൽ സൗകര്യങ്ങൾക്ക് പകരമാണ് കേവലം സമ്പന്ന വിഭാഗത്തെ ലക്ഷ്യം വെക്കുന്നതും, നിലവിലുള്ള , റെയിൽവെ സ്റ്റേഷനുകളുമായി യാതൊരു സാമീപ്യവുമില്ലാത്ത 11 സ്റ്റേഷനുകളിൽ മാത്രം നിറുത്തുവാനുദ്ദേശിക്കുന്നതുമായ സിൽവർ ലൈൻ എന്ന വാദമുഖം പരിഹാസ്യമാണെന്നും സമിതി സംസ്ഥാന ചെയർമാൻ എംപി ബാബുരാജും ജനറൽ കൺവീനർ എസ്. രാജീവനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.