കൊച്ചി: തടവുശിക്ഷയിൽ ഇളവുനൽകാൻ അർഹരായവരെ ഉൾപ്പെടുത്തി തയാറാക്കിയ 739 പേരുടെ പട്ടികക്ക് അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. ഇവരുടെ പേരുകൾ ഗവർണർക്ക് ശിപാർശ ചെയ്തിട്ടുണ്ടെന്നും ശിക്ഷയിളവിന് അനുമതി നൽകണമെന്നുമാണ് സർക്കാർ നൽകിയ അപേക്ഷയിലെ ആവശ്യം. രാഷ്ട്രീയ കൊലപാതക കേസുകളിലെയടക്കം പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള സർക്കാർ നീക്കം തടയണമെന്നാവശ്യപ്പെട്ട് തൃശൂരിലെ പൊതു പ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹരജിയിലാണ് സർക്കാറിെൻറ രേഖാമൂലമുള്ള അഭ്യർഥന.
തടവുകാരിൽ ശിക്ഷയിളവ് ലഭിക്കേണ്ടവരുടെ അപേക്ഷ പരിഗണിച്ച് ഗവർണർക്ക് സർക്കാർ ശിപാർശ നൽകണമെന്നും ഗവർണറുടെ തീരുമാനം അറിയിക്കണമെന്നും 2017 ജൂൈല 17ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ തടവുകാരെ വിട്ടയക്കാവൂവെന്നും വ്യക്തമാക്കിയിരുന്നു. തുടർന്നാണ് 739 പേരുടെ പട്ടിക തയാറാക്കിയത്. ഹൈകോടതിയുടെ മുൻ ഉത്തരവിെൻറ അടിസ്ഥാനത്തിൽ മന്ത്രി എ. കെ. ബാലൻ കൺവീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു.
തടവുകാരുടെ പെരുമാറ്റം, കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലം എന്നിവ പരിഗണിക്കാനും ഹീനമായ കുറ്റകൃത്യങ്ങളിലേർപ്പെട്ടവരെ വിട്ടയക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഉപസമിതി നിർദേശിച്ചു. രാഷ്ട്രീയ കൊലപാതക കേസുകളിലുൾപ്പെട്ടവരെ 14 വർഷത്തെ ശിക്ഷ കഴിയാതെ ഇളവിന് പരിഗണിക്കരുതെന്നും കുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതികൾക്ക് ഇളവു നൽകരുതെന്നും ഉപസമിതി ശിപാർശ ചെയ്തിരുന്നു. നേരേത്ത ജയിൽ ഡി.ജി.പി തയാറാക്കിയ 1264 പേരുടെ പട്ടിക അർഹതയുടെ അടിസ്ഥാനത്തിൽ വെട്ടിച്ചുരുക്കിയാണ് 739 തടവുകാരുടെ പേരുകൾ ശിപാർശ ചെയ്തതെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.