കോഴിക്കോട്: വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് സർക്കാറിലെ മന്ത്രിസഭയിൽ മുസ്‍ലിം ലീഗിന് അഞ്ച് മന്ത്രിമാരുണ്ടായേക്കും. അഞ്ച് മന്ത്രിമാരെ നിയമിക്കാൻ നേതൃയോഗത്തിൽ തീരുമാനമായതായാണ് വിവരം. മന്ത്രിമാരുടെ പട്ടിക ലീഗ് നേതൃത്വം തയാറാക്കിയതായും റിപ്പോർട്ടുണ്ട്.
കോഴിക്കോട് നിന്ന് പാറക്കൽ അബ്ദുല്ല, മലപ്പുറത്തുനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, മണ്ണാർക്കാട് എം.എൽ.എ എൻ. ഷംസുദ്ദീൻ, കളമശ്ശേരി എം.എൽ.എ വി.ഇ ഗഫൂർ എന്നിവരെ മന്ത്രിമാരാക്കാനാണ് തീരുമാനമെന്നാണ് വിവരം. വി.ഇ. ഗഫൂറിന് പകരം എ.കെ.എം. അഷ്റഫിനേയും പരിഗണിച്ചേക്കാം. പി.കെ. ബഷീറിന് മന്ത്രിസ്ഥാനം നൽകാൻ സാധ്യതയില്ലെന്ന് പറയുന്നു.
ഐടി - വ്യവസായം, വിദ്യാഭ്യാസം, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, ന്യൂനപക്ഷം- പ്രവാസി ക്ഷേമം എന്നിങ്ങനെ വകുപ്പുകൾ ലീഗിന് ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ഉണ്ടായേക്കും.
നാല് മന്ത്രിമാരല്ല, അഞ്ച് മന്ത്രിമാർ മുസ്‍ലിം ലീഗിന് ഉണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കി. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ മുന്നണിയിൽ പുരോഗമിക്കുന്നതിനിടെയാണ് ലീഗിനുള്ളിലെ ധാരണ സംബന്ധിച്ച വിവരം പുറത്തുവരുന്നത്. അഞ്ചാമത്തെ മന്ത്രിപദവിയിൽ അന്തിമമായി കോൺഗ്രസിൽനിന്ന് അനുമതി ലഭിക്കാനുണ്ടെന്നും പറയുന്നു. നിലവിൽ അഞ്ച് പദവികളിലേക്കാണ് എം.എൽ.എമാരെ നിശ്ചിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.