സ്കോട്ടിഷ് എം.പിക്ക് മലയാളി വധു; പത്തു വർഷത്തെ പ്രണയത്തിന് ഗുരുവായൂരിൽ മംഗളമുഹൂർത്തം

കൊച്ചി: പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ സ്കോട്ടിഷ് ജനപ്രതിനിധി മാർട്ടിൻ ഡേയും (55) പിറവം പാമ്പാക്കുട സ്വദേശിയായ നിതിൻ ചന്ദും (49) ഗുരുവായൂരിലെ പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ വച്ച് വിവാഹിതരായി. കണ്ണന്റെ മണ്ണിൽ വച്ച് താലി ചാർത്തപ്പെടണമെന്ന നിതിന്റെ ആഗ്രഹമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്. ഇരുവരുടെയും ബന്ധുക്കളോടൊപ്പം നിതിന്റെ 22 വയസ്സുള്ള മകൻ വേദിക് ശങ്കറിന്റെ സാന്നിധ്യവും ചടങ്ങിന് മാറ്റ് കൂട്ടി.

2008-ലാണ് ഐ.ടി മാനേജ്‌മെന്റിൽ ഉപരിപഠനത്തിനായി നിതിൻ യുകെയിലെത്തുന്നത്. തുടർന്ന് പി.എച്ച്.ഡി ചെയ്യവേ, വിദേശ വിദ്യാർഥികളുടെ വിസ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ കാരണം നിതിന്റെ പഠനാനുമതി പ്രതിസന്ധിയിലായി. ഈ ഘട്ടത്തിൽ വിദ്യാർഥികളുടെ അവകാശങ്ങൾക്കായി യു.കെ പാർലമെന്ററി കമ്മിറ്റികൾക്ക് മുന്നിൽ പോരാടിയ നിതിൻ, അന്ന് യു.കെ പാർലമെന്റംഗമായിരുന്ന (ലിൻലിത്ഗോ ആൻഡ് ഈസ്റ്റ് ഫൽകിർക്ക് മണ്ഡലം) സ്കോട്ടിഷ് നാഷനൽ പാർട്ടി നേതാവ് മാർട്ടിൻ ഡേയെ പരിചയപ്പെടുകയായിരുന്നു.

2016-ൽ ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. താൻ വിവാഹമോചിതയാണെന്നും 12 വയസ്സുള്ള മകനുണ്ടെന്നും നിതിൻ വ്യക്തമാക്കിയപ്പോൾ, സന്തോഷത്തോടെയാണ് മാർട്ടിൻ അതിനെ സ്വീകരിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ നിതിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ മാർട്ടിന്റെ മാതാപിതാക്കളായ മാർഗരറ്റും റോണും അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് യു.കെയിലെത്തിച്ച മകൻ വേദിക്കിനെയും സ്വന്തം കുടുംബാംഗത്തെപ്പോലെ അവർ വളർത്തി. വേദിക് നിലവിൽ എഡിൻബറോയിലെ 'കംപ്യൂട്ടർ ഷെയർ' കമ്പനിയിൽ സീനിയർ ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്നു. നിതിൻ ലിൻലിത്ഗോയിൽ മാനേജ്‌മെന്റ് കൺസൾട്ടന്റായി പ്രവർത്തിക്കുന്നതിനൊപ്പം സ്കോട്ടിഷ് നാഷനൽ പാർട്ടിയിലും സജീവമാണ്.

മുൻപ് യു.കെയിൽ വച്ച് വിവാഹിതരായിരുന്നുവെങ്കിലും, ഗുരുവായൂരിൽ വച്ച് ചടങ്ങുകൾ നടത്തണമെന്ന നിതിന്റെ ആഗ്രഹം പ്രളയവും കോവിഡും കുടുംബത്തിലെ അസുഖങ്ങളും കാരണം വൈകുകയായിരുന്നു. നാലാം തവണ കേരളത്തിലെത്തിയപ്പോഴാണ് മാർട്ടിന് ഈ ആഗ്രഹം പൂർത്തിയാക്കാൻ സാധിച്ചത്. 1999 മുതൽ ജനപ്രതിനിധിയായ മാർട്ടിൻ ഡേ റീട്ടെയിൽ ബാങ്കറായും കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് തവണയായി ഒൻപത് വർഷം യു.കെ പാർലമെന്റ് അംഗമായിരുന്ന അദ്ദേഹം നിലവിൽ സ്കോട്ടിഷ് പാർലമെന്റംഗവും 'ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ഫോർ ഇന്ത്യ'യുടെ ചെയർമാനുമാണ്. വെറ്ററിനറി ഫീൽഡ് ഓഫിസറായിരുന്ന കെ.എൻ. ചന്ദ്രന്റെയും മുൻ ഗ്രാമപഞ്ചായത്തംഗം രാജമ്മയുടെയും ഏക മകളാണ് നിതിൻ.

Tags:    
News Summary - Scottish Politician Martin Day and Malayali Partner Nithin Chand Tie the Knot in Guruvayoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.