കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളജ് നിലനിൽക്കുന്ന ഭൂമി വഖഫ് സ്വത്തല്ലെന്ന നിലക്ക് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം സാങ്കേതിക പിഴവാണെന്നും തിരുത്താൻ തീരുമാനിച്ചതായും മുസ്‍ലിം ലീഗ്. കോളജിന്റെ ഉടമസ്ഥാവകാശമുള്ള കണ്ണൂർ ജില്ല മുസ്‍ലിം എജുക്കേഷനൽ അസോസിയേഷൻ (സി.ഡി.എം.ഇ.എ) നിർവാഹക സമിതിയോഗം അത്തരമൊരു തീരുമാനമെടുത്തതായും മുസ്‍ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി പറഞ്ഞു. പിഴവ് തിരുത്താൻ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജില്ല മുസ്‍ലിം എജുക്കേഷനൽ അസോസിയേഷനുമായി ബന്ധപ്പെട്ട വഖഫ് ഭൂമി പ്രശ്നം ഏറ്റെടുത്ത് സി.പി.എമ്മും പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നതിനു പിന്നാലെയാണ് മുസ്‍ലിം ലീഗിന്റെ വിശദീകരണം.
സർ സയ്യദ് കോളജിന്റെ ഭൂമി വഖഫ് സ്വത്താണെന്ന കാര്യത്തിൽ മുസ്‍ലിം ലീഗിനോ കോളജ് മാനേജ്മെന്റിനോ വ്യത്യസ്ത അഭിപ്രായമില്ല. കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തുന്നതോടെ പ്രശ്നം അവസാനിക്കും. ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്‍ലിം ലീഗിനെ പഴിചാരി കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ശ്രമിക്കുന്നതെന്നും അതു രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്നും മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.