മാമുക്കോയക്ക് സിനിമാ ലോകം അർഹിച്ച ആദരവ് നൽകിയില്ലെന്നത് ശരിയെന്ന് ടി. പത്മനാഭൻ

കോഴിക്കോട്: മാമുക്കോയക്ക് സിനിമാ ലോകം അർഹിച്ച ആദരവ് നൽകിയില്ലെന്നത് ശരിയാണെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. സംവിധായകന്‍ വി.എം വിനുവിനോട് യോജിക്കുന്നു. മരിക്കണമെങ്കില്‍ എറണാകുളത്ത് പോയി മരിക്കണമെന്ന് പറഞ്ഞത് ശരിയാണ്. പണ്ട് മറ്റൊരു സന്ദര്‍ഭത്തില്‍ നടനും സംവിധായകനുമായ രഞ്ജിത്തും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഇത് സത്യമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'വേറൊന്നും ഞാന്‍ ഈ അവസരത്തില്‍ പറയുന്നില്ല. മാമുക്കോയയുടെ മരണവാര്‍ത്ത ടെലികാസ്റ്റ് ചെയ്തപ്പോള്‍ സ്ഥിരമായി ഒരു ചാനലില്‍ വന്നുകൊണ്ടിരുന്ന രണ്ട് വാക്കുകളില്‍ ഒന്ന് വൈക്കം മുഹമ്മദ് ബഷീറായിരുന്നു. മറ്റൊന്ന് കേരളത്തിലെ അതിപ്രശസ്തനായ വ്യക്തിയാണ്. ഇരുവരും മാമുക്കോയയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. ആ മറ്റൊരു വ്യക്തി കോഴിക്കോട്ട് തന്നെയുള്ള ആളാണ്. അയാള്‍ വന്നിട്ടില്ല എന്നതുപോലെതന്നെ മരണത്തില്‍ എന്തെങ്കിലും ഒരു വാചകം പറഞ്ഞതായിട്ട് പോലും ആര്‍ക്കും അറിവില്ല', ടി. പത്മനാഭന്‍ പറഞ്ഞു.

മാമുക്കോയക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരടക്കം പലരും വരാത്തതിൽ അനുസ്മരണ സമ്മേളനത്തിൽ രൂക്ഷ വിമർശനമുയർന്നിരുന്നു. മാമുക്കോയക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്നതടക്കമുള്ള വിമർശനമാണ് സംവിധായകൻ വി.എം വിനു ഉന്നയിച്ചത്. പലരും വരുമെന്ന് കരുതിയെങ്കിലും വന്നില്ല. ടാക്‌സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോള്‍ എല്ലാവര്‍ക്കും വരാന്‍ സൗകര്യമാവുമായിരുന്നു. അഭിനേതാക്കളും സംവിധായകരും സിനിമാ സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരും അത് ചിന്തിക്കേണ്ടതായിരുന്നു എന്നും വി.എം വിനു പറഞ്ഞിരുന്നു.

അതേസമയം, മാമുക്കോയയുടെ മരണാനന്തര ചടങ്ങുകളിൽ താരങ്ങൾ പ​ങ്കെടുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് മക്കളായ മുഹമ്മദ് നിസാറും അബ്ദുൽ റഷീദും ആവശ്യപ്പെട്ടിരുന്നു. വിദേശത്തുള്ള മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ദീലിപും മറ്റു താരങ്ങളും വിളിച്ചന്വേഷിച്ചിരുന്നു. ഷൂട്ടും പരിപാടികളും മുടക്കി ചടങ്ങുകള്‍ക്ക് പോകുന്നതിനോട് ഉപ്പക്കും താൽപര്യമുണ്ടായിരുന്നില്ല. ഇന്നസെന്‍റുമായി വളരെ അടുപ്പമുണ്ടായിരുന്ന ആളാണ് ഉപ്പ. പക്ഷേ ആ സമയത്ത് ഉപ്പ നാട്ടിൽ ഉണ്ടായിരുന്നില്ല, ഒരു പരിപാടിക്ക് പോയതായിരുന്നു. അന്ന് വാപ്പയും വന്നിട്ടില്ല. ഉപ്പാക്ക് ശത്രുക്കളായി ആരുമില്ല, ഒരു കള്ളം പോലും പറയാത്ത ആളാണ്. അത് കൊണ്ടു തന്നെ ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നത്. വരാൻ കഴിയാതിരുന്നവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാകുമെന്നും മക്കൾ അഭ്യർഥിച്ചു.

Tags:    
News Summary - It is true that Mamukkoya was not given the respect he deserved by the film world -T. Padmanabhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.