കോട്ടയം: വിദ്യാർഥി സമരങ്ങളെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. വിദ്യാഭ്യാസ മേഖല അ ക്രമത്തിന്‍റെ മേഖലയായി മാറുകയാണോയെന്ന് സംശയമുണ്ടെന്നും ഒരു ഭ്രാന്താലയത്തിലാണോ നമ്മൾ ജീവിക്കുന്നതെന്ന് തോന്നിപ്പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ സ്ഥാപക സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.വിയിൽ താൻ വാർത്ത കണ്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. വിദ്യാർഥികൾ കൂട്ടത്തോടെ വൈസ് ചാൻസലറുടെ മുറിയിലേക്ക് ഇരച്ചുകയറുന്നു. വിവേകാനന്ദൻ പറഞ്ഞപോലെ ഭ്രാന്താലയത്തിലാണോ നമ്മൾ ജീവിക്കുന്നതെന്നോർത്ത് ദുഃഖം തോന്നുന്നു. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ അയക്കുന്ന മാതാപിതാക്കൾ ഇത് കാണുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സ്വന്തം നിലനിൽപ്പിനായി രാഷ്ട്രീയ നേതാക്കൻമാർ വിദ്യാർഥികളെക്കൊണ്ട് ചുടുചോറ് വാരിപ്പിക്കുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
കാതോലിക്കേറ്റ് ആന്‍റ് എം.ഡി. സ്കൂൾസ് കോർപറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് അധ്യഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ.തോമസ് വർഗീസ് അമയിൽ അസോ. സെക്രട്ടറി ബിജു ഉമ്മൻ, വൈദിക സെമിനാരി പ്രിൻസിപ്പൽ ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, ഡോ.എം.കുര്യൻ തോമസ്, ഡോ. ജേക്കബ് ജോൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.