കൊച്ചി: പാലിയേക്കര ടോൾ റോഡിലെ ഗതാഗതകുരുക്കിൽ പ്രതികരിച്ച് ഹൈകോടതി. മോശം റോഡിൽ ടോൾ പിരിക്കുന്നത് ശരിയാണോയെന്ന് ഹൈകോടതി വാക്കാൽ പരാമർശിച്ചു. അടിപ്പാതകളുടേയും പാലങ്ങളുടേയും നിർമാണം നടക്കുന്നതിനാൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജിയിലാണ് ഹൈകോടതി പരാമർശം.
ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം. കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് ഇതുസംബന്ധിച്ച ഹരജി നൽകിയത്. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും.
ടോൾ കരാർ എടുത്തിരിക്കുന കമ്പനിയല്ല നിലവിൽ അടിപ്പാതകളുടെ നിർമാണ പ്രവർത്തനം നടത്തുന്നത് എന്ന് ദേശീയപാത അതോറിറ്റി അറിയിച്ചെങ്കിലും ഇത് പൊതുജനങ്ങൾ അറിയേണ്ട കാര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാവുമെന്നും അറിയിക്കാനും കോടതി നിരീക്ഷിച്ചു.
ടോൾപാതയിൽ അഞ്ചിടത്ത് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വലിയ ഗതാഗതകുരുക്ക് അനുഭവപ്പെടുകയാണെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ നിർമാണത്തിന് ചെലവായതിൽ കൂടുതൽ തുക ടോളായി പിരിച്ചെടുത്തും ടോൾപിരിവ് നിർത്താത്ത നടപടിക്കെതിരെയും ഷാജി കോടങ്കണ്ടത്ത് ഹരജി നൽകിയിരുന്നു. ഇതിന്റെ ഉപഹരജിയായാണ് പുതിയ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.