മുംബൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ ഐ.ആർ.എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ദ് നടി നവ്യ നായരെ കാണാൻ 15 - 20 തവണ കൊച്ചിയിലെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം. നവ്യ നായർ സച്ചിൻ സാവന്ദിന്‍റെ കാമുകിയാണെന്നും ഒരേ റെസിഡൻഷ്യൽ കെട്ടിടത്തിലാണ് താമസിച്ചിരുന്നതെന്നും സാവന്ദിന്‍റെ ഡ്രൈവർ സമീർ ഗബാജി നലവാഡെയുടെ മൊഴി കുറ്റപത്രത്തിലുണ്ട്.
പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ പുറത്തുവന്ന വിശദാംശങ്ങളാണ് നവ്യയും സച്ചിൻ സാവന്ദും തമ്മിലെ ബന്ധം വ്യക്തമാക്കുന്നത്. നവ്യ കൊച്ചിയിലേക്ക് താമസം മാറ്റിയതോടെ സാവന്ദിന് പലതവണ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്ത് കൊടുത്തിരുന്നെന്ന് സമീർ ഗബാജി മൊഴി നൽകിയിട്ടുണ്ട്. പലതവണ സന്ദർശിക്കുകയും സ്വർണാഭരണം സമ്മാനമായി നൽകുകയും ചെയ്തു. എന്നാൽ, ക്ഷേത്ര ദർശനത്തിനായാണ് കേരളത്തിലെത്തിയിരുന്നത് എന്നാണ് സച്ചിന്‍റെ മൊഴി.
കുറ്റപത്രത്തിലെ സാവന്ദിന്‍റെ സുഹൃത്ത് സാഗർ ഹനുബന്ദ് താക്കൂറിന്‍റെ മൊഴിയും പുറത്തുവന്നിട്ടുണ്ട്. നവി മുംബൈയിലെ ജിമ്മിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ടെന്നുമാണ് സുഹൃത്ത് സാഗർ മൊഴി നൽകിയത്.
കളളപ്പണക്കേസിൽ ജൂണിലാണ് സച്ചിൻ സാവന്ദ് അറസ്റ്റിലായത്. സാവന്തിന്റെ വാട്സ്ആപ്പ് ചാറ്റിൽ നിന്നാണ് നവ്യ നായരുമായുള്ള ബന്ധം ഇ.ഡി കണ്ടെത്തിയത്. സൗഹൃദത്തിന്റെ പേരിൽ നൽകിയ സമ്മാനങ്ങൾ സ്വീകരിച്ചതല്ലാതെ മറ്റൊന്നിലും പങ്കാളിയല്ലാണ് നവ്യ നായർ ഇ.ഡിക്ക് നൽകിയ മൊഴി. ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ എന്ന നിലയിൽ സച്ചിൻ സാവന്ദിനെ പരിചയമുണ്ടെന്നാണ് നവ്യയുടെ കുടുംബം പറയുന്നത്.
വിഷയത്തിൽ കഴിഞ്ഞ ദിവസം നവ്യ നായർ മൗനം വെടിഞ്ഞിരുന്നു. നബീർ ബേക്കർ എന്ന ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തുകൊണ്ടാണ് നടി പ്രതികരിച്ചത്. ‘കുറച്ച് ദിവസമായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ തന്നെ ആ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ പൗരന്മാരെ മാനസികമായി കൊല്ലുകയാണ്. വാര്‍ത്തയിലെ ഇരയുടെ പങ്കാളിയേയും മാതാപിതാക്കളേയും കുട്ടികളേയുമൊക്കെ വേദനിപ്പിക്കുന്നതും ഇരയെ സൈബറിടത്തില്‍ അപമാനിക്കുന്നതുമൊക്കെ കാണുമ്പോള്‍ സങ്കടം തോന്നുന്നു. പരിതാപകരമാണത്. പ്രത്യേകിച്ച് ഇര സ്ത്രീയാകുമ്പോള്‍. ഒരു വാര്‍ത്തയില്‍ കൂടി ഇരയെ കീറിമുറിക്കുമ്പോള്‍ അത് അവരുടെ ചുറ്റിലുമുള്ളവരെക്കൂടിയാണ് ബാധിക്കുന്നത് എന്ന് ഓര്‍ക്കണം’- എന്നിങ്ങനെയുള്ള കുറിപ്പാണ് നവ്യ പങ്കുവെച്ചത്. ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന കുറിപ്പോടെ നൃത്തം ചെയ്യുന്ന ഒരു വിഡിയോയും നവ്യ പോസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.