കേരള സർവകലാശാലയിൽ എസ്.എഫ്.ഐ നടത്തിയ പൊട്ടുതൊടൽ മത്സരത്തിൽ നിന്ന്
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഓണാഘോഷ ഭാഗമായി വേറിട്ട മത്സരമൊരുക്കി എസ്.എഫ്.ഐ പ്രവർത്തകർ. സുന്ദരിക്ക് പൊട്ടുതൊടലിന് പകരം കാക്കി ട്രൗസർ ധരിച്ച വി.സിയുടെ ചിത്രത്തിൽ പൊട്ടുതൊടലാണ് എസ്.എഫ്.ഐ അവതരിപ്പിച്ചത്.
നിയമ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് പിന്തുണയായാണ് എസ്.എഫ്.ഐ പ്രവർത്തകർ കാമ്പസിൽ ഓണാഘോഷം സംഘടിപ്പിച്ചത്. പ്രതിഷേധ പൂക്കളവും പായസ വിതരണവും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ നടത്തിയ ഓണാഘോഷത്തിൽ വി.സിയെ പ്രതീകാത്കമായി ചവിട്ടിത്താഴ്ത്തിയിരുന്നു.
അതേസമയം, കേരള സർവകലാശാലയിൽ മൂല്യ നിർണയവുമായി ബന്ധപ്പെട്ട് നിയമ വിദ്യാർഥികൾ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളുമായി വിദ്യാർഥികൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം നിർത്തിയത്.
മൂല്യ നിർണയത്തിലെ അപാകത പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരം ആരംഭിച്ചത്. എൽ.എൽ.ബി പരീക്ഷക്ക് അടുത്ത സെമസ്റ്റർ മുതൽ ഇരട്ട മൂല്യ നിർണയം നടത്താമെന്ന് ചർച്ചയിൽ ധാരണയായി. രണ്ട് അധ്യാപകരായിരിക്കും ഉത്തരക്കടലാസ് മൂല്യ നിർണയം നടത്തുക. വീണ്ടും അപാകത ആരോപിക്കുകയാണെങ്കിൽ മൂന്നാമതൊരാൾ മൂല്യ നിർണയം നടത്താനും തീരുമാനിച്ചു.
സർവകലാശാലയിൽ മറ്റു പി.ജി കോഴ്സുകൾക്ക് ഇരട്ട മൂല്യനിർണയം നിലവിലുണ്ട്. ഇത് എൽ.എൽ.ബിക്കു കൂടി ബാധകമാക്കുകയാണ് ചെയ്യുക. മൂല്യ നിർണയവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളിൽ ഇടപെടാമെന്നും ബാക്കി 12 വിഷയങ്ങൾ അടുത്ത സിൻഡിക്കേറ്റിൽ ചർച്ച ചെയ്യാമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ഉറപ്പുനൽകി.
തുടർന്നാണ്, വെള്ളിയാഴ്ച തുടങ്ങിയ സമരം പിൻവലിക്കാൻ നിയമ വിദ്യാർഥികൾ തീരുമാനിച്ചത്. ഇതിനിടെ ഇവർക്ക് പിന്തുണയുമായി സമരം നടത്തുന്ന എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ രജിസ്ട്രാറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. എസ്.എഫ്.ഐ സമരം സർവകലാശാലയുടെ പ്രവർത്തനത്തെ ബാധിക്കുന്നെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് സംരക്ഷണവും തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.