ദേശീയ പാതയിൽ ചോരവാർന്ന് കിടന്നത് അരമണിക്കൂറോളം; നോവോർമയായി ഫർസീന്റെ മരണം

എലത്തൂർ: അപകടം കണ്ടിട്ടും രക്ഷപ്പെടുത്താൻ മനസ്സ് കാണിക്കാത്തവരിൽ കുറ്റബോധം തീർത്ത് കോരപ്പുഴ പാലത്തിനു മുകളിലെ അപകടം. കാറിടിച്ച് റോഡിൽ തെറിച്ചുവീണ ബൈക്ക് യാത്രികനായ വിദ്യാർഥി അരമണിക്കൂറോളം സഹായത്തിനായി കാത്തുകിടന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വാർത്തയും കാഴ്ചയുമായി മാറുകയാണ്. ചൊവ്വാഴ്ച രാവിലെ 10.25നായിരുന്നു വെങ്ങളം പൂളാടിക്കുന്ന് ദേശീയ പാതയിൽ കോരപ്പുഴ പാലത്തിന് മുകളിൽ ചെങ്ങോട്ട് കാവ് സെറീന കോട്ടേജിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് (18) മരിച്ചത്.

നഗരത്തിലെ ട്രിപ്പിൾ ഇ കോളജിലെ ഹോസ്റ്റലിൽനിന്ന് ബൈക്കിൽ അത്തോളിയിലെ സ്വകാര്യ ദന്താശുപത്രിയിൽ പോയി പല്ലിന് ക്ലിപ്പിട്ടശേഷം വല്യുമ്മയെ കണ്ട് മടങ്ങുന്നതിനിടെയായിരുന്നു കാറിടിച്ചുണ്ടായ അപകടത്തിൽ ഫർസീൻ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഫർസീൻ റോഡിൽ വേദനയോടെ കിടന്നിട്ടും ഉടൻ രക്ഷാപ്രവർത്തനത്തിനായി ആരും മുന്നോട്ടുവന്നില്ല. സഹായത്തിനായി ചുറ്റുമുള്ളവരുടെ കരുണ കാത്ത് ഏറെ നേരം റോഡിൽ കിടന്ന ആ വിദ്യാർഥിയുടെ നിസ്സഹായത പുറംലോകം അറിഞ്ഞതോടെ ഏവരുടെയും ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. രക്തം വാർന്നു കിടന്ന ഫർസീനെ കണ്ട തൊഴിലാളികൾ ദേശീയപാത പട്രാളിങ് സംഘത്തെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ആംബുലൻസ് എത്തിയത്.

അപകടം സംഭവിക്കുമ്പോൾ ഒരു നിമിഷംപോലും വൈകാതെ രക്ഷാപ്രവർത്തനം നടത്തേണ്ടതിന്റെ ആവശ്യകത ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നതാണ് ഈ ദാരുണ സംഭവം. ഒരു ഫോൺ കോൾ, ഒരു കൈത്താങ്ങ് -ചിലപ്പോൾ അത്രയേ ഫർസീന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിവരുമായിരുന്നുള്ളൂ.

അപകടത്തിൽപ്പെട്ട ഒരാളെ കണ്ടിട്ട് കടന്നുപോയവരുടെ മാനസികാവസ്ഥ ഏറെ പഴിക്കപ്പെടുകയാണ്. നിരവധി വാഹനങ്ങൾ കടന്നുപോയിട്ടും ആരും രക്ഷിക്കാനെത്താത്തതിന്റെ നിസ്സഹായത ശരീരത്തിലേറ്റ മുറിവിനേക്കാളും വേദനയേക്കാളും വലുതായാണ് സമൂഹം കാണുന്നത്. അവസാനം സഹായം ലഭിക്കുമ്പോഴേക്കും വിലപ്പെട്ട സമയം കടന്നുപോയിരുന്നു. ആ അരമണിക്കൂർ ഒരുപക്ഷേ ഒരു കുടുംബത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്ന സമയമായിരുന്നു. അപകടത്തിൽപ്പെടുന്നവരെ കണ്ടാൽ ആരെങ്കിലും സഹായിക്കും എന്ന് കരുതി കടന്നുപോകുന്ന സമീപനം ആളുകൾ മാറ്റണമെന്നാണ് പൊലീസും ട്രോമ കെയർ വളന്റിയർമാരും പറയുന്നത്. ആ ആരെങ്കിലും എന്നത് നമ്മളായിരിക്കണമെന്ന ചിന്ത ഓരോരുത്തർക്കും ഉണ്ടാകണം. ഒരു നിമിഷം നിർത്തിയാൽ, ഒരു ഫോൺ കോൾ ചെയ്താൽ, ഒരു ജീവൻ തിരികെ വീട്ടിലെത്തിയേക്കാമെന്ന തിരിച്ചറിവിനുള്ള അവസാനത്തെ സൂചകമാകണം ഇതെന്ന് ട്രോമ കെയർ ജില്ല കോ ഓഡിനേറ്റർ കെ.പി. ചന്ദ്രൻ പറഞ്ഞു.

ഇടിച്ച വാഹനം കണ്ടെത്താനായില്ല

എലത്തൂർ: ഫർസീനെ ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്താൻ പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചു. റോഡിലേക്ക് തെറിച്ചുവീണ ഫർസീന്റെ ശരീരത്തിലൂടെ മറ്റൊരു കാർ കയറിയിറങ്ങുകയായിരുന്നു. ശരീരത്തിലൂടെ കയറിയിറങ്ങിയ കാർ എലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ കാമറയിൽ നിന്ന് ലഭിച്ച ചിത്രങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്. സർവിസ് റോഡില്ലാത്ത ഭാഗമായതിനാൽ ഇരു ദിശയിലേക്കും വാഹനങ്ങൾ കടന്നുപോകുന്നത് ഫ്ലക്സി ഡിവൈഡറിലുടെയാണ്.

Tags:    
News Summary - 18-Year-Old Student Dies After Lying Bleeding for an Hour Without Help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.