കൊച്ചി: വഖഫ് നിയമ ഭേദഗതി മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരമാണെന്ന് സമരക്കാരെ വിശ്വസിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനിറങ്ങിയ ബി.ജെ.പി മുഖം നഷ്ടപ്പെട്ട അവസ്ഥയിൽ. ബി.ജെ.പി വഞ്ചിക്കുകയായിരുന്നു എന്ന രീതിയിലുള്ള പ്രതികരണവും പ്രതിഷേധവും സമരക്കാരിൽനിന്നും സമരത്തെ പിന്തുണച്ച ക്രൈസ്തവ സഭ പ്രതിനിധികളിൽനിന്നും ഉയർന്നുതുടങ്ങി. വഖഫ് നിയമഭേദഗതി കൊണ്ട് മാത്രം മുനമ്പത്തെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവന സമരക്കാരെയും സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തെയും ഒന്നുപോലെ വെട്ടിലാക്കി.
മുനമ്പം വിഷയത്തെ തുടക്കംമുതൽ രാഷ്ട്രീയ നേട്ടത്തിന് ആയുധമായാണ് ബി.ജെ.പി കണ്ടത്. ഇത് ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മിലെ വിഷയമായി വളർത്തിക്കൊണ്ടുവരാൻ ബോധപൂർവ ശ്രമങ്ങളുണ്ടായി. വഖഫ് ബോർഡിനെക്കുറിച്ച് തെറ്റായ കാര്യങ്ങൾ സമരക്കാർക്കിടയിൽ പ്രചരിപ്പിച്ചു.
ബില്ലിനെ മുസ്ലിം സമുദായം എതിർക്കുന്നത് മുനമ്പത്തും മറ്റ് പലയിടത്തും താമസിക്കുന്നവരെ കുടിയിറക്കാനുള്ള ഗൂഢനീക്കമാണെന്ന് തെറ്റിദ്ധരിപ്പിച്ചു. ബിൽ മുനമ്പം നിവാസികൾക്ക് ഗുണംചെയ്യുമെന്ന് സമരപ്പന്തലിലെത്തി ഉറപ്പ് നൽകിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി, വഖഫിനെ കിരാതം എന്നുവരെ വിശേഷിപ്പിച്ചു. കാസ പോലുള്ള തീവ്രസംഘടനകളും ബി.ജെ.പിയും സമരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ വഖഫും മുനമ്പവും മറയാക്കി വിദ്വേഷപ്രചാരണവും ശക്തിപ്പെട്ടു.
നിയമം പാസാകുന്നതോടെ മുനമ്പത്തുകാർക്ക് തങ്ങളുടെ ഭൂമി തിരിച്ചുകിട്ടുമെന്നാണ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കവേ മന്ത്രി കിരൺ റിജിജു പറഞ്ഞത്. എന്നാൽ, കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയ അദ്ദേഹം ബിൽ പരിഹാരമല്ലെന്നും നിയമപോരാട്ടം തുടരേണ്ടിവരുമെന്നും പറഞ്ഞതോടെ ഇരുട്ടടി കിട്ടിയ അവസ്ഥയിലാണ് സമരക്കാർ.
ബിൽ പാസായപ്പോൾ രാത്രി വൈകിയും സമരപ്പന്തലിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് പ്രകടനം നടത്തുകയും മുനമ്പം ജനതയുടെ വിജയത്തിന് കാരണം ബി.ജെ.പി സർക്കാറാണെന്ന് എവിടെയും പറയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അവർ ഇപ്പോൾ തികഞ്ഞ നിരാശയിലാണ്.
ബിൽ പാസായ അവസരം മുതലെടുക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ഷോൺ ജോർജ് തുടങ്ങിയവർ തൊട്ടടുത്ത ദിവസങ്ങളിൽ മുനമ്പത്തെ സമരപ്പന്തൽ സന്ദർശിച്ചിരുന്നു. മോദിക്ക് വോട്ട് ചെയ്യുന്നവർ ഇവിടെ ഇല്ലാതിരുന്നിട്ടും പ്രശ്നം പരിഹരിച്ചത് മോദിയാണെന്നും മുനമ്പത്തെ ജനങ്ങൾക്ക് റവന്യൂ അവകാശം തിരിച്ചുകിട്ടുമെന്ന ഉറപ്പ് ബില്ലിൽ ഉണ്ടെന്നുമാണ് രാജീവ് പറഞ്ഞത്. പ്രശ്നം നേരിടുന്ന അമ്പതുപേർ അദ്ദേഹത്തിൽനിന്ന് പാർട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്തു.
കേന്ദ്രമന്ത്രിയുടെ മലക്കംമറിച്ചിൽ സമരക്കാരിൽ സൃഷ്ടിച്ച പ്രതിഷേധം തണുപ്പിക്കാനും പാർട്ടിയുടെ മുഖം രക്ഷിക്കാനും മുനമ്പത്തെ അമ്മമാർ ഉൾപ്പെടെ 12 പേരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കാണാൻ തീരുമാനിച്ചതായാണ് അറിയുന്നത്. ഷോൺ ജോർജ് അടക്കമുള്ളവർ സമ്മർദം ചെലുത്തിയാണ് കിരൺ റിജിജുവിനെ മുനമ്പത്ത് എത്തിച്ചത്.
എന്നാൽ, മന്ത്രിയുടെ വരവ് കൊണ്ട് നേട്ടമുണ്ടായില്ലെന്ന് മാത്രമല്ല, പാർട്ടി പ്രതിക്കൂട്ടിലാകുകയും ചെയ്തെന്നാണ് ബി.ജെ.പിയിലെ ഒരുവിഭാഗത്തിന്റെ വിലയിരുത്തൽ. സന്ദർശനം വെറും രാഷ്ട്രീയ നാടകമായി മാറിയെന്ന് സമരക്കാരും പറയുന്നു. ഒപ്പമുണ്ടാകുമെന്ന് കരുതിയവർ കൈവിട്ടെന്ന തിരിച്ചറിവിൽ സമരവും നിയമപോരാട്ടവും തുടരാനാണ് മുനമ്പത്തുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.