കൊച്ചി: രണ്ടു ദിവസമായി കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന നിക്ഷേപക സംഗമത്തിന് സമാപനം. സംഗമം വലിയ വിജയമാണെന്നും മൂന്ന് വർഷത്തിലൊരിക്കൽ ഉച്ചകോടി നടത്തുമെന്നും മന്ത്രി പി രാജീവ്. കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് കഴിഞ്ഞു.
ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനം. ആഗോള നിക്ഷേപകരുടെ അഭ്യർത്ഥന മാനിച്ച് ഉച്ചകോടി വർഷത്തിൽ നടത്താൻ കഴിയുമോയെന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപക ഉച്ചകോടിയെ പറ്റി പലരുടെയും മനോഭാവം മാറി. ആളുകൾ അനുകൂല സമീപനം സ്വീകരിക്കാൻ തുടങ്ങി. മാധ്യമങ്ങളും പിന്തുണ നൽകി. ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഈ ഉച്ചകോടിയിലൂടെ കേരളത്തിന് ലഭിച്ചത്.
ചിലർ നിക്ഷേപത്തേയും വികസനത്തേയും ലളിതവത്ക്കരിക്കുന്നു. സാധനങ്ങൾ വാങ്ങുന്നത് പോലെയല്ല നിക്ഷേപവും വികസനവും. വർക്ക് ഫ്രം ഹോം എന്ന മാതൃകയിൽ വർക്ക് ഫ്രം കേരള എന്ന പുതിയ സങ്കൽപ്പം ഉണ്ടായി- മന്ത്രി പറഞ്ഞു.
കൊച്ചി: ഹരിതോര്‍ജ മേഖലയിലെ ശക്തികേന്ദ്രമായി കേരളത്തിന് ഉയര്‍ന്നു വരാന്‍ കഴിയുമെന്ന് ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ വിദഗ്ധര്‍. സുസ്ഥിര ഊര്‍ജത്തിലേക്കുള്ള മാറ്റം ആഗോളതലത്തില്‍ പ്രകടമാണ്. സര്‍ക്കാറിന്റെ മികച്ച ഊര്‍ജനയം ഇതിന് പിന്തുണയേകും. ഹരിതോര്‍ജത്തിലേക്കുള്ള മാറ്റം പ്രാദേശിക സമൂഹങ്ങള്‍ക്കും നേട്ടമുണ്ടാക്കും.
ഹരിതോര്‍ജ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് ഉൽപാദന, പ്രസരണ, വിതരണ ഘട്ടങ്ങളിലെ ചെലവ് കുറക്കേണ്ടത് പ്രധാനമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ടാറ്റ പവര്‍ റിന്യൂവബിള്‍ മൈക്രോഗ്രിഡ് ലിമിറ്റഡ് സി.ഇ.ഒ മനോജ് ഗുപ്ത പറഞ്ഞു. ജൈവ, കാര്‍ഷിക മാലിന്യങ്ങള്‍ ഹരിതോർജ സ്രോതസ്സുകളാക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് ഈ മേഖലയിൽ പിന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ കെ.ജി. നരേന്ദ്രനാഥ് പറഞ്ഞു. താപ വൈദ്യുതിയെ കൂടുതലായി ആശ്രയിക്കുന്നത് നിരവധി പ്രത്യാഘാതങ്ങളുണ്ടാക്കും.
കേരളത്തിൽ മൊത്തം ഊര്‍ജ ഉപഭോഗത്തിന്റെ ചെറിയ ശതമാനം മാത്രമാണ് സൗരോര്‍ജത്തില്‍ നിന്നുള്ളതെന്ന് എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ലിമിറ്റഡ് ഡയറക്ടര്‍ ഡോ. ആര്. ഹരികുമാര്‍ പറഞ്ഞു. പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളുമായി ബന്ധപ്പെട്ട ഇന്ത്യ-ആസ്ട്രേലിയ പങ്കാളിത്തം ഇരു രാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുമെന്ന് ആസ്ട്രേലിയന്‍ ഹൈകമീഷനിലെ കൗണ്‍സിലര്‍ സഞ്ജീവ ഡി സില്‍വ പറഞ്ഞു.
ആർ.ഇ.സി ലിമിറ്റഡ് ഡയറക്ടര്‍ നാരായണ തിരുപ്പതി, യു.എ.ഇയിലെ ഷറഫ് ഗ്രൂപ്പ് വൈസ് ചെയര്മാന് മേജര്‍ ജനറല്‍ ഷറഫുദ്ദീന് ഷറഫ് എന്നിവർ സംസാരിച്ചു.
കൊച്ചി: കേരളത്തിന് എയ്റോസ്പേസ്, വ്യോമയാനം, പ്രതിരോധ ഉൽപ്പന്ന നിർമാണം എന്നീ മേഖലകളില്‍ പരമാവധി നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് നിക്ഷേപക ഉച്ചകോടിയിൽ വിദഗ്ധര്‍. ‘വ്യോമയാന-പ്രതിരോധ മേഖലയിലെ സാധ്യതകളും പങ്കാളിത്തവും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് അഭിപ്രായമുയര്‍ന്നത്. രാജ്യരക്ഷക്ക് ആവശ്യമായ സുപ്രധാന മേഖലകളില്‍ തദ്ദേശീയ വികസന പദ്ധതികള്‍ക്ക് കരുത്ത് പകരാന്‍ പൊതുമേഖല, വ്യവസായം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ ബഹിരാകാശ സമ്പദ് വ്യവസ്ഥ വന്‍തോതില്‍ വളരുമെന്ന് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്ന കെ-സ്പേസ് സി.ഇ.ഒ ജി. ലെവിന്‍ പറഞ്ഞു. ഐ.എസ്.ആര്.ഒ, ഐ.ഐ.എസ്.ടി, ബ്രഹ്മോസ് എയ്റോസ്പേസ് പോലുള്ള സ്ഥാപനങ്ങള്‍ ഉള്ളതിനാല്‍ തലസ്ഥാന നഗരത്തിന് വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തദ്ദേശീയ ഉൽപ്പന്നങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത് ബൃഹത്തായ കപ്പല്‍ നിർമാണ പദ്ധതികള്‍ നടന്ന് വരികയാണ്. ഇത് പ്രാദേശിക വ്യവസായങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ പ്രദാനം ചെയ്യുമെന്നും നാവികസേന അസി. ചീഫ് ഓഫ് മെറ്റീരിയല്‍ (ഐ.ടി ആന്‍ഡ് എസ്) റിയര്‍ അഡ്മിറല്‍ ശരത് ആശീര്‍വാദ് പറഞ്ഞു. അനന്ത് ടെക്നോളജീസ് ലിമിറ്റഡ് സ്ഥാപകൻ ഡോ. പാവുലൂരി സുബ്ബറാവു, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഡയറക്ടര്‍ രജനീഷ് ശര്‍മ, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് ചെയര്മാൻ കോമഡോര്‍ എ. മാധവറാവു (റിട്ട), മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസ് ലിമിറ്റഡ് ഹോംലാന്‍ഡ് ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി സി.ഇ.ഒ ജസ്ബീര്‍ സിങ് സോളങ്കി, നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക്കല്‍ ലാബ് ഡയറക്ടര്‍ ഡോ. ദുവ്വുരി ശേഷഗിരി, ജര്‍മനിയിലെ എലാക് സോണാര്‍ എം.ഡി ബേണ്‍ഡ് സുകായ് എന്നിവർ സംസാരിച്ചു.
കൊച്ചി: ചില്ലറ വ്യാപാര വിപണിയില്‍ കേരള ബ്രാന്‍ഡുകള്‍ ആധിപത്യമുറപ്പിക്കുന്ന കാലം വിദൂരമല്ലെന്ന് ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ ചില്ലറ വ്യാപാര വിപണിയെക്കുറിച്ച പാനല്‍ ചര്‍ച്ചയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വസ്ത്രനിർമാണ മേഖലയെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സജീവമാവുകയാണെന്ന് കല്യാണ്‍ സില്‍ക്സ് സി.എം.ഡി ടി.എസ്. പട്ടാഭിരാമന് പറഞ്ഞു. കേരളത്തില്‍നിന്ന് ലോകോത്തര ബ്രാന്‍ഡുകള്‍ ഉണ്ടാകണം. അവക്ക് ആഗോള വിപണിയില്‍ സൽപേരുണ്ടാവണം. മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയ വസ്ത്രനിർമാണ മേഖലയെ തിരിച്ചെത്തിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷാഡോഫാക്സ് സഹസ്ഥാപകനും സി.ഇ.ഒയുമായ അഭിഷേക് ബന്‍സല്‍,മിന്ത്ര സീനിയര്‍ വൈസ് പ്രസിഡന്റ് വേണു നായര്‍ , ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ പ്രസിഡന്റ് ജേക്കബ് ജോൺ, സംഗീത മൊബൈല്‍സ് എം.ഡി എല്‍.സുഭാഷ് ചന്ദ്ര, റീടെയ്ലേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ചെയര്മാന് ബിജോയ് കുര്യന് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.