ഐ.എൻ.ടി.യു.സി ​കോൺഗ്രസിന്റെ പോഷക സംഘടനയല്ല, അവിഭാജ്യ ഘടകം -വി.ഡി. സതീശൻ

കോട്ടയം: പണിമുടക്കിലെ അക്രമം സംബന്ധിച്ച് നേരത്തെ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചങ്ങനാശേരിയിലെ ഐ.എന്‍.ടി.യുസി പ്രകടനം സംബന്ധിച്ച് പാര്‍ട്ടിയാണ് പ്രതികരിക്കേണ്ടത്. അതിനുള്ള സംവിധാനം കോണ്‍ഗ്രസിലുണ്ട്.

രണ്ട് ദിവസത്തെ പണിമുടക്കിനോട് അനുബന്ധിച്ചുള്ള അക്രമസംഭവങ്ങളെയാണ് അപലപിച്ചത്. അക്രമസമരത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. നാട്ടില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും ആളുകളെ തടഞ്ഞതും തുപ്പിയതുമൊക്കെ സി.ഐ.ടിയുക്കാരും സി.പി.എമ്മുകാരുമാണ്.

ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് ഐ.എന്‍.ടി.യുസി പിന്തുണ പ്രഖ്യാപിച്ചത്. ഐ.എന്‍.ടി.യു.സി നേതാക്കള്‍ കോണ്‍ഗ്രസിന്റെയും നേതാക്കളാണ്. അവരുമായി വിഷയം സംസാരിച്ചു. എന്നാല്‍, ഐ.എന്‍.ടി.യു.സിക്ക് നിദേശം കൊടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. യൂത്ത് കോണ്‍ഗ്രസിനെയോ മഹിളാ കോണ്‍ഗ്രസിനെയോ സേവാദളിനെയോ പോലെ പോഷക സംഘടന എന്ന നിലയിലല്ല ഐ.എന്‍.ടി.യു.സി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെങ്കിലും സ്വതന്ത്ര നിലനില്‍പ്പുള്ള ഐ.എന്‍.ടി.യു.സിക്ക് പ്രത്യേക തെരഞ്ഞെടുപ്പ് പോലുമുണ്ട്. അതാണ് ഇന്നലെയും പറഞ്ഞത്.

ആ അഭിപ്രായം മാറ്റേണ്ട ഒരു സാഹചര്യവുമില്ല. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റോ ദേശീയ പ്രസിഡന്റോ ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയാണെന്ന് പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ഐ.എന്‍.ടി.യു.സി എന്നാണ് ചന്ദ്രശേഖരന്‍ പറഞ്ഞത്. അക്കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല.

ഐ.എന്‍.ടി.യു.സിയുടെ ഏറ്റവും കൂടുതല്‍ ട്രേഡ് യൂനിയനുകളെ നിയന്ത്രിക്കുന്നയാളാണ് ഞാനും. അക്രമ സംഭവങ്ങളെ അപലപിക്കുന്നതായി ഐ.എന്‍.ടി.യു.സി പ്രസിഡന്റും പറഞ്ഞിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷനോട് ആലോചിച്ചാണ് പണിമുടക്കിലെ അക്രമം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്.

എന്തെങ്കിലും വീണ് കിട്ടിയാല്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഒരു കുത്തിത്തിരിപ്പ് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംഘം ചങ്ങാനാശ്ശേരിയില്‍ നടന്ന സംഭവത്തിന് പിന്നിലുമുണ്ട്. ഒന്നും കിട്ടിയില്ലെങ്കില്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും വാര്‍ത്തയുണ്ടാക്കും. അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. പാര്‍ട്ടിക്ക് ദോഷകരമായ രീതിയിലേക്ക് കുത്തിത്തിരിപ്പ് സംഘം കടക്കുമ്പോള്‍ എവിടെ നിര്‍ത്തണമോ അവിടെ നിര്‍ത്താന്‍ അറിയാവുന്ന നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളത്.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം സര്‍ക്കാര്‍ ചെയ്ത നടപടികള്‍ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിന് തുല്യമാണ്. മാര്‍ച്ച് 31 അർധരാത്രി വരെ പ്രവര്‍ത്തിക്കേണ്ട ട്രഷറി മുപ്പതാം തീയതി അഞ്ച് മണിയോടെ അടച്ചുപൂട്ടി. അതിന് തൊട്ടുമുമ്പുള്ള രണ്ടു ദിവസം പണിമുടക്കായിരുന്നു.

തദ്ദേശ സ്ഥാപനങ്ങളെ ബില്ലുകള്‍ മാറാന്‍ അനുവദിക്കാതെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 900 കോടിയോളം രൂപയുടെ ബില്ലുകളാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് മാറാനാകാതെ പോയത്. കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നു പോകുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണിത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയിട്ടും ചെയ്ത പ്രവൃത്തികളുടെ ബില്‍ പാസാക്കാന്‍ കഴിയാത്ത സ്ഥിതിയാണ് സര്‍ക്കാറുണ്ടാക്കിയത്. ഈ നടപടിയിലൂടെ തദ്ദേശ സ്ഥാപനങ്ങളെ കബളിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുകയാണ്.

മാണി സി. കാപ്പനുമായി ഫോണില്‍ സംസാരിച്ചു. തിരുവനന്തപുരത്ത് വെച്ച് കാണാമെന്നു പറഞ്ഞിട്ടുണ്ട്. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. മുന്നണിയില്‍ എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ അപ്പോൾ തന്നെ പരിഹരിക്കും. മാധ്യമ വാര്‍ത്തകള്‍ക്ക് കാപ്പന്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. കാപ്പനുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - INTUC is not the supporting body of the Congress, but a vital component -VD. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.