കൊയിലാണ്ടി: ട്രെയിനിൽനിന്ന് സഹയാത്രികൻ പുറത്തേക്ക് തള്ളിയിട്ടതിനെ തുടർന്നു മരിച്ച യുവാവ് അന്തർസംസ്ഥാന തൊഴിലാളിയാണെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രി ആനക്കുളങ്ങര ഭാഗത്താണ് സംഭവം. മാഹിയിൽ നിന്നാണ് യുവാവ് ട്രെയിനിൽ കയറിയത്. 25 വയസ്സുവരും. ഹോട്ടൽ തൊഴിലാളിയാണെന്നാണ് പൊലീസ് നിഗമനം. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
യുവാവ് ട്രെയിനിൽനിന്നു വീണ കൊയിലാണ്ടി ആനക്കുളം റെയിൽവേ ഗേറ്റിന്റെ പരിസരത്ത് റെയിൽവേ പൊലീസ് തെളിവെടുപ്പു നടത്തി. സംഭവസ്ഥലത്തുനിന്ന് രക്തത്തിന്റെയും മുടിയുടെയും സാമ്പ്ൾ ശേഖരിച്ചു. റെയിൽവേ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തു. ഐ.ആർ.പി സി.ഐ സുധീർ മനോഹർ, സയന്റിഫിക് ഓഫിസർ കെ.വി. നബീല എന്നിവരാണ് തെളിവെടുപ്പു നടത്തിയത്.
തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ (48) സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിൽ ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. യാത്രക്കിടെ സോനു മുത്തുവും യുവാവും തമ്മിൽ തർക്കമുണ്ടായി.
പിന്നാലെ സോനു മുത്തു യുവാവിനെ ആക്രമിച്ചു പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് പറയുന്നത്. ഇരുവരും തർക്കത്തിൽ ഏർപ്പെടുന്നത് യാത്രക്കാർ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. സംഭവം നടന്ന ഉടൻ യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തിച്ചു.
പാളത്തിൽ ഇറങ്ങി പരി ശോധിച്ചപ്പോൾ യുവാവ് മരിച്ചിരുന്നു. വിവരം കൈമാറിയതിനെ തുടർന്ന് ട്രെയിൻ കോഴിക്കോട്ട് എത്തിയപ്പോൾ റെയിൽവേ പൊലീസ് മുത്തുവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പെട്ടെന്നുണ്ടായ പ്രകോപനമാണ് സംഭവത്തിന് ഇടയാക്കിയതെന്ന് മൊഴി നൽകി. കൊല്ലപ്പെട്ട യുവാവിനെ അറിയില്ലെന്നു വ്യക്തമാക്കി.കാഞ്ഞാങ്ങാട്ട് ബാർബർ ഷോപ്പ് നടത്തുകയാണ് സോനു മുത്തു. ഇരുവരും മദ്യപിച്ചതായാണ് പൊലീസ് റിപ്പോർട്ട്. റിമാൻഡിൽ കഴിയുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.