വിരമിച്ച എസ്.ബി.ഐ ജീവനക്കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം 300 ശതമാനം വര്‍ധിപ്പിച്ചു

തൃശൂര്‍: വിരമിച്ച എസ്.ബി.ഐ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പ്രീമിയം 300 ശതമാനം കൂട്ടി. കൂടാതെ, നിലവിലെ രോഗങ്ങളില്‍ കാന്‍സര്‍ ഒഴികെയുള്ളവക്ക് റീ-ഇംബേഴ്സ് ചെയ്യാനുള്ള തോത് 15ല്‍നിന്ന് 10 ശതമാനമാക്കുകയും ചെയ്തു. ഒറ്റ പ്രീമിയത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ഏഴുലക്ഷം വരെ കാലപരിധിയില്ലാതെ ആനുകൂല്യം ലഭിക്കുന്നത് മാറ്റി ഒരു വര്‍ഷത്തേക്കാക്കിയിട്ടുമുണ്ട്. അഞ്ച് ലക്ഷത്തിലധികം വരുന്ന പെന്‍ഷന്‍കാരെ ബാധിക്കുന്നതാണ് ബാങ്ക് മാനേജ്മെന്‍റിന്‍െറയും ഇന്‍ഷുറന്‍സ് കമ്പനിയുടെയും നടപടി. ഇന്‍ഷുറന്‍സ്സംരക്ഷണംതന്നെ ക്രമേണ നിര്‍ത്താനുള്ള നീക്കത്തിന്‍െറ ഭാഗമാണ് പ്രീമിയം വര്‍ധനയെന്ന് വിരമിച്ചവര്‍ പറയുന്നു.

‘എസ്.ബി.ഐ റിട്ടയേഡ് എംപ്ളോയീസ് മെഡിക്കല്‍ ബെനിഫിറ്റ് സ്കീം’ ആണ് നേരത്തേ ഉണ്ടായിരുന്നത്. ഇത് പ്രകാരം 62,000 രൂപ ഒറ്റത്തവണ പ്രീമിയം അടച്ചാല്‍ ഗുണഭോക്താവിനും കുടുംബാംഗങ്ങള്‍ക്കും ഏഴുലക്ഷം രൂപയുടെ കവറേജാണ് നല്‍കിയിരുന്നത്. കഴിഞ്ഞവര്‍ഷം ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ‘ഫാമിലി ഫ്ളോട്ടര്‍ഗ്രൂപ് മെഡി ക്ളെയിം പോളിസി ഫോര്‍ എസ്.ബി.ഐ റിട്ടയറീസ്’ പദ്ധതി കൊണ്ടുവന്നു. ഇതിനൊപ്പം ഒരു പ്രീമിയത്തിലുള്ള സമയപരിധി ഒരു വര്‍ഷമാക്കി കുറച്ചു.

ഈ വര്‍ഷമാണ് പ്രീമിയം 300 ശതമാനം വര്‍ധിപ്പിച്ചത്. പദ്ധതിപ്രകാരം അനുവദിക്കുന്ന ആനുകൂല്യം 140 ശതമാനം വരെ എത്തിയ സാഹചര്യത്തില്‍ പ്രീമിയം വര്‍ധിപ്പിക്കണമെന്നും സമയപരിധി ഒരു വര്‍ഷമാക്കണമെന്നും ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെട്ടുവെന്നാണ് ശാഖകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നത്. അതായത്, കഴിഞ്ഞ വര്‍ഷം 62,000 രൂപ അടച്ചവര്‍ ഇത്തവണ 1,86,000 അടക്കണം. അതേസമയം, കവറേജ് പരിധി ഒരു വര്‍ഷം മാത്രമായിരിക്കും. കുറഞ്ഞ പ്രീമിയമുള്ള പോളിസി തെരഞ്ഞെടുക്കുന്നവര്‍ കഴിഞ്ഞ വര്‍ഷം അടച്ചതിന്‍െറ മൂന്നിരട്ടി അടക്കണം. ഇതോടൊപ്പം സേവന നികുതി 15ല്‍നിന്ന് 18 ശതമാനമാക്കാനും നീക്കമുണ്ട്. അതോടെ തുക വീണ്ടും ഉയരും. ഉയരുന്ന പ്രീമിയം അടക്കാന്‍  കഴിയാതെ വരുന്നതോടെ ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞുവെന്ന കാരണം പറഞ്ഞ് പ്രീമിയം വന്‍തോതില്‍ കൂട്ടുകയും അതുവഴി പദ്ധതിതന്നെ ഇല്ലാതാക്കുകയും ചെയ്യാനാണ് ശ്രമമെന്ന് വിരമിച്ചവര്‍ ആരോപിക്കുന്നു.

Tags:    
News Summary - insurence premium for sbi banking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.