ഷാജൻ സ്കറിയ
തിരുവനന്തപുരം: മറുനാടൻ മലയാളി പോർട്ടൽ ഉടമ ഷാജൻ സ്കറിയക്കെതിരെ കോൺഗ്രസ് വനിതാ നേതാവിന്‍റെ പരാതിയിൽ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് മീഡിയ സെൽ കോഡിനേറ്റർ താരാ ടോജോ അലക്സ് ആണ് പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വിവാദമായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തനിക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ യുവനടി റിനി ആൻ ജോർജ് നൽകിയ പരാതിയിൽ സെപ്റ്റംബർ 18ന് ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. റിനി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിൽ എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് കേസടുത്തത്.
വിഡിയോകളിലൂടെ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് റിനി പരാതിയിൽ പറഞ്ഞിരുന്നു. തന്റെ പേരെടുത്ത് പറഞ്ഞാണ് വിഡിയോകൾ ചെയ്തതെന്ന് പരാതിയിൽ വ്യക്തമാക്കിയ റിനി, ഷാജന്‍ സ്കറിയയുടെ യുട്യൂബ് ചാനലിന്‍റെ പേരും വിഡിയോകളുടെ ലിങ്കും പരാതിക്കൊപ്പം നൽകിയിരുന്നു.
ഓൺലൈൻ ചാനലിലൂടെ അപകീർത്തിപ്പെടുത്തി എന്ന പി.വി. ശ്രീനിജൻ എം.എൽ.എയുടെ പരാതിയിൽ ഷാജൻ സ്കറിയയെ 2024 ഒക്ടോബറിൽ അറസ്റ്റ് ചെയ്തിരുന്നു. എം.എൽ.എക്ക് നേരെ ജാതി അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ എളമക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു അറസ്റ്റ്.
ഓണ്‍ലൈന്‍ ചാനല്‍ വഴി തന്നെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആക്രമിക്കുകയാണെന്നും വ്യാജ വാര്‍ത്തകള്‍ പുറത്തുവിടുകയാണെന്നും ആണ് ശ്രീനിജന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ ഷാജനെ പിന്നീട് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.