നിരപരാധിയെ ജയിലിലടച്ച സംഭവം: എസ്.പി റിപ്പോർട്ട് തേടി

പൊന്നാനി: യുവാവിനെ ആളു മാറി ജയിലിലടച്ച സംഭവത്തിൽ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയോട് ജില്ല പൊലീസ് മേധാവി റിപ്പോർട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകും. സംഭവത്തിൽ പൊന്നാനി പൊലീസിന് വീഴ്ച പറ്റിയതായാണ് പ്രാഥമിക നിഗമനം. ജീവനാംശം നൽകുന്നില്ലെന്ന ഭാര്യയുടെ പരാതിയിൽ പൊന്നാനി വടക്കേപുറത്ത് അബൂബക്കറിനെ അറസ്റ്റ് ചെയ്യാൻ തിരൂർ കുടുംബകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ആളു മാറി അറസ്റ്റ് ചെയ്തത് ആലുങ്ങൽ അബൂബക്കറിനെയാണ്. പൊലീസിന്റെ അശ്രദ്ധമൂലം അബൂബക്കർ ജയിലിൽ കിടന്നത് മൂന്ന് ദിവസമാണ്. ഇതിനെതിരെ കുടുംബം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

ആലുങ്ങൽ അബൂബക്കറും ഭാര്യയുമായി പിണക്കത്തിലായതിനാൽ ഇവർ പരാതി നൽകിയിട്ടുണ്ടെന്ന ധാരണയിലാണ് അബൂബക്കർ സ്റ്റേഷനിലെത്തിയത്. എന്നാൽ, തന്റെ വീട്ടുപേരിലല്ല കേസ് രജിസ്റ്റർ ചെയ്തതെന്ന് അബൂബക്കർ സംശയമുന്നയിച്ചെങ്കിലും ഇരുവരുടെയും പിതാവിന്റെയും മാതാവിന്റെയും പേരും ഒന്നായതിനാൽ അബൂബക്കറിനെ കോടതിയിൽ ഹാജരാക്കി തവനൂർ ജയിലിൽ അടക്കുകയായിരുന്നു.

തന്റെ ഭാര്യ നൽകിയ പരാതിയാണെന്ന് കരുതിയാണ് അബൂബക്കർ ജയിലിൽ കഴിഞ്ഞിരുന്നത്. തുടർന്നാണ് തങ്ങൾക്ക് അബദ്ധം പറ്റിയെന്ന് പൊന്നാനി പൊലീസിന് ബോധ്യമായത്. ഇതിനിടെ കുടുംബാംഗങ്ങൾ കോടതിയെ സമീപിച്ച് നിരപരാധിത്വം ബോധ്യപ്പെടുത്തുകയും അബൂബക്കറിനെ കോടതി വിട്ടയക്കുകയും ചെയ്യുകയായിരുന്നു.

Tags:    
News Summary - Innocent man jailed incident: SP seeks report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.