കോഴിക്കോട്: ന്യൂനപക്ഷ പാർട്ടികളിൽ നേട്ടമുണ്ടാക്കിയത് ഇന്ത്യൻ നാഷനൽ ലീഗ്. എൽ.ഡി.എഫ് ഘടകകക്ഷിയായതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ മിന്നും വിജയം നേടിയാണ് ഐ.എൻ.എൽ നേട്ടമുണ്ടാക്കിയത്. സ്ഥാനാർഥിയായ അഹമ്മദ് ദേവർകോവിൽ 12,459 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മുസ്ലിം ലീഗിെൻറ നൂർബിന റഷീദിനെയാണ് പരാജയപ്പെടുത്തിയത്. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ പാർട്ടികളും തെരഞ്ഞെടുപ്പിൽ സാന്നിധ്യം അറിയിച്ച് രംഗത്തുണ്ടായിരുന്നു.
2006ൽ കോഴിക്കോട് രണ്ടിൽ (ഇപ്പോഴത്തെ സൗത്ത്) പി.എം.എ. സലാം ഐ.എൻ.എൽ സ്ഥാനാർഥിയായി മത്സരിച്ച് വിജയം നേടിയിരുന്നു. അന്ന് ലീഗിെൻറ ടി.പി.എം. സാഹിറായിരുന്നു എതിരാളി. സലാം പിന്നീട് മുസ്ലിം ലീഗിലേക്ക് കൂടുമാറി. പിന്നീട് ഇപ്പോഴാണ് ഐ.എൻ.എല്ലിന് എം.എൽ.എ ഉണ്ടാകുന്നത്. ഘടകകക്ഷിയെന്ന നിലയിൽ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. വള്ളിക്കുന്ന്, കാസർകോട് മണ്ഡലങ്ങളിലും മത്സരിച്ചിരുന്നുവെങ്കിലും ഐ.എൻ.എൽ സ്ഥാനാർഥികൾ പരാജയപ്പെട്ടു.
ബി.ജെ.പിയുമായി ചേർന്ന് എൽ.ഡി.എഫിെൻറ തുടർഭരണം തടയാൻ കോൺഗ്രസും മുസ്ലിം ലീഗും ചേർന്ന് നടത്തിയ വൃത്തികെട്ട രാഷ്ട്രീയത്തിനേറ്റ പ്രഹരമാണ് തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ച ഇടതുതരംഗമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. അഹമ്മദ് ദേവർകോവിൽ നേടിയ തിളക്കമാർന്ന വിജയം മുസ്ലിം ലീഗിെൻറ ജനവഞ്ചനക്കെതിരായ ജനവിധിയാണെന്നും കാസിം കൂട്ടിച്ചേർത്തു.
19 മണ്ഡലങ്ങളിൽ മത്സരിച്ച വെൽഫെയർ പാർട്ടി ചിലയിടങ്ങളിൽ കഴിഞ്ഞ തവണത്തെ പ്രകടനം നിലനിർത്തുകയും ചില മണ്ഡലങ്ങളിൽ മെച്ചപ്പെടുത്തുകയും ചെയ്തു.
ബി.ജെ.പി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാതിരുന്നത് ആശ്വാസകരമാണെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. എൽ.ഡി.എഫിെൻറ വിജയം അംഗീകരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു. സർക്കാറിനെതിരായ പ്രധാന രാഷ്ട്രീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തിനായില്ല. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാൻ പുതിയ സർക്കാറിന് സാധിക്കട്ടെയെന്നും ഹമീദ് കൂട്ടിച്ചേർത്തു.
എൽ.ഡി.എഫ് തരംഗത്തിൽ മറ്റു പാർട്ടികൾക്കെല്ലാം വോട്ടുനിലയിൽ വ്യതിയാനമുണ്ടായെങ്കിലും ബി.ജെ.പിയെ അകറ്റിനിർത്താൻ എസ്.ഡി.പി.ഐ പ്രവർത്തിച്ചിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി വ്യക്തമാക്കി. അവർക്ക് സാധ്യതയുള്ള മണ്ഡലങ്ങളിൽ കൃത്യമായ സർവേ നടത്തി വിജയിക്കുന്ന സ്ഥാനാർഥികൾക്ക് പിന്തുണ നൽകുകയായിരുന്നു പാർട്ടിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു. 42 മണ്ഡലങ്ങളിലാണ് എസ്.ഡി.പി.ഐ മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.