കരിപ്പൂർ വിമാനാപകടം (ഫയൽചിത്രം)
മലപ്പുറം: കരിപ്പൂർ ദുരന്തത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനാപകടമാണ് വ്യാഴാഴ്ച അഹ്മദാബാദിലുണ്ടായത്. കരിപ്പൂരിലെ നടുക്കുന്ന ഓർമകൾക്ക് അഞ്ചു വർഷം തികയാനിരിക്കെയാണ് രാജ്യത്തെ ഞെട്ടിച്ച് മറ്റൊരു ദുരന്തം പറന്നെത്തിയത്.
2020 ആഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടത്. 21 പേർ മരിച്ച ദുരന്തത്തിൽ 150ഓളം പേർക്കാണ് പരിക്കേറ്റത്. ആഗസ്റ്റ് ഏഴിന് രാത്രി എട്ടുമണിയോടെയാണ് കരിപ്പൂരിൽ വിമാനം ദുരന്തത്തിലേക്ക് താഴ്ന്നിറങ്ങിയത്. ദുബൈയിൽനിന്ന് 184 യാത്രക്കാരും ആറ് ജീവനക്കാരുമായി ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിലെത്തിയപ്പോൾ കനത്ത മഴയായിരുന്നു.
ദൂരക്കാഴ്ച കുറഞ്ഞതിനാൽ റൺവേ കാണാതെ രണ്ടുതവണ ലാൻഡ് ചെയ്യാതെ വിമാനം പറന്നുയർന്നു. പിന്നീട് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറി ചതുപ്പു നിലവും കടന്ന് 35 മീറ്ററോളം താഴേക്കു വീണ് പിളരുകയായിരുന്നു. വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർത്ത് വിമാനത്തിന്റെ മുൻഭാഗം പുറത്തേക്ക് എത്തിയിരുന്നു.
പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരെ കൂടാതെ 19 പേരാണ് മരിച്ചത്. കോവിഡ് കത്തിപ്പിടിച്ച സമയത്തും നാട്ടുകാരുടെ ഒറ്റക്കെട്ടായ രക്ഷാപ്രവർത്തനം ലോകശ്രദ്ധ നേടിയിരുന്നു.
മലപ്പുറം: കരിപ്പൂർ വിമാന ദുരന്തത്തിന് അഞ്ച് വർഷം തികയുന്ന വേളയിലും ചികിത്സ തുടരുന്നവരേറെ. നട്ടെല്ലിന് പരിക്കേറ്റും അരക്കു താഴെ തളര്‍ന്നും ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളാണിവർ. പരിക്കേറ്റ ഭൂരിഭാഗം പേര്‍ക്കും ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കാനായിട്ടില്ല.
ദുരന്തകാരണം അന്വേഷിച്ച എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പൈലറ്റിന് സംഭവിച്ച വീഴ്ചയാണ് കണ്ടെത്തിയത്. റണ്‍വേ സംബന്ധിച്ചുള്ള പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ടിലില്ല. എന്നാല്‍, പിന്നീട് രൂപവത്കരിച്ച വിദഗ്ധ സമിതി റണ്‍വേയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു.
ദുരന്തശേഷം കരിപ്പൂരിൽ വലിയ വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും നിർമാണ പ്രവൃത്തികളിൽ മെല്ലെപ്പോക്കാണ്. ദുരന്തശേഷം ഇതുവരെ കരിപ്പൂർ വഴി വലിയ വിമാന സര്‍വിസുകളില്ല. നഷ്ടപരിഹാരതുക വിതരണം പൂർത്തിയായെന്ന് കേന്ദ്രസർക്കാർ പറയുന്നുണ്ടെങ്കിലും പ്രഖ്യാപിച്ച തുക പലർക്കും ലഭിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.