കെ.എസ്.ഇ.ബിക്ക് വരുമാനത്തിൽ വർധന; പക്ഷേ 1023.62 കോടി നഷ്ടം


പാലക്കാട്: വരുമാനം കൂടിയെങ്കിലും നഷ്ടത്തിലേക്ക് കൂപ്പുകുത്തി കെ.എസ്.ഇ.ബി. കഴിഞ്ഞ ദിവസം പുറത്തുവിട്ട ബജറ്റ് രേഖയിലാണ് വൈദ്യുതി വാങ്ങൽ കരാറുകൾ താളം തെറ്റിച്ച കണക്കുകൾ പുറത്തുവന്നത്. 2021-22 വർഷം 97.66 കോടി ലാഭം കാണിച്ച രേഖയിൽ 2022-23 വർഷം 1023.62 കോടിയുടെ നഷ്ടക്കണക്കുകൾ സ്ഥാനം പിടിച്ചു.വൈദ്യുതി വാങ്ങലിലുണ്ടായ ഭീമമായ ചെലവാണ് നഷ്ടത്തിന് കാരണമായതെന്ന് ലാഭ-നഷ്ടക്കണക്കുകളുടെ ബാലൻസ് ഷീറ്റിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം കെ.എസ്.ഇ.ബിയുടെ വരുമാനം 11.33 ശതമാനം കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ 16996.42 കോടിയുടെ വരുമാനം 18922.96 കോടിയായി വർധിക്കുകയും ചെയ്തു.

കെ.എസ്.ഇ.ബിയുടെ വരുമാനത്തിൽ നിന്ന് വൈദ്യുതി വാങ്ങാൻ ചെലവിടുന്നതും ജീവനക്കാർക്കുള്ള ആനുകൂല്യച്ചെലവും കഴിഞ്ഞാൽ കാര്യമായി നീക്കിയിരിപ്പില്ല എന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. വൈദ്യുതി വാങ്ങിയ ചെലവിനത്തിൽ 11240.62 കോടിയും ജീവനക്കാർക്കുള്ള ആനുകൂല്യത്തിനായി 4147.99 കോടിയും നീക്കിവെച്ചാൽ മറ്റ് വികസന പദ്ധതികൾക്കോ പ്രവർത്തനങ്ങൾക്കോ പണം തികയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലായിരുന്നു കെ.എസ്.ഇ.ബി സി.എം.ഡി കഴിഞ്ഞ ആഴ്ചയിൽ അത്യവശ്യപ്രവർത്തനങ്ങളൊഴിച്ചുള്ള പ്രവർത്തികൾ തുടരേണ്ടതില്ലെന്ന സർക്കുലർ ഇറക്കിയത്.

വൈദ്യുതി നൽകിയ കണക്കിൽ 2022-23 വർഷം 17984.58 കോടിരൂപ ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 15962.04 കോടി ആയിരുന്നു. അതേസമയം 2020-21ൽ 7977.20 കോടി വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിനായി നീക്കിവെച്ചിരുന്നുവെങ്കിൽ പോയ വർഷം 11240.62 കോടിയായി കുതിച്ചുകയറി. ആകെ ചെലവ് 16,502.45 കോടിയിലെത്തുകയും ചെയ്തു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി 24923 മില്യൺ യൂനിറ്റ് വൈദ്യുതിയാണ് ഉപഭോക്താക്കൾക്ക് എത്തുന്നത്. വൈദ്യുതിവിറ്റ ഇനത്തിൽ 17984.58 കോടി രൂപയാണ് വരുമാനം. വൈദ്യുതി തീരുവ ഇനത്തിൽ അടുത്ത വർഷം കെ.എസ്.ഇ.ബിക്ക് 1051.75 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബജറ്റ് രേഖകൾ വെളിപ്പെടുത്തുന്നു.

Tags:    
News Summary - Increase in revenue for KSEB; But 1023.62 crore loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.