കോട്ടയം: കോട്ടയം നഗരസഭയിലെ ചെക്ക്/ഡ്രാഫ്റ്റ് രജിസ്റ്റർ കൃത്യമായി പരിപാലിക്കുന്നില്ലെന്നും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ പൊരുത്തക്കേടുണ്ടെന്നും വിജിലൻസ്. നഗരസഭയിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വിജിലൻസ് നടത്തിയ പരിശോധനക്ക് ശേഷം തയാറാക്കിയ ചെക്ക് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ബാങ്കുകളുമായുള്ള കരാറുകളിലും കോർപറേഷൻ രജിസ്റ്ററുകളിലും പൊരുത്തക്കേടുണ്ടെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വീണ്ടും വിശദമായ പരിശോധന വേണമെന്നും വിജിലൻസ് എസ്.പിക്ക് നൽകിയ പരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2023 ഫെബ്രുവരി 17 മുതലുള്ള നഗരസഭയിലെ ചെക്ക്/ഡ്രാഫ്റ്റ് രജിസ്റ്റർ കൃത്യമായി പരിപാലിക്കുന്നില്ലെന്ന കണ്ടെത്തലാണ് വിജിലൻസിന്‍റേത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ കോട്ടയം മുനിസിപ്പാലിറ്റിയുടെ അക്കൗണ്ടിലെ 195.97 കോടി രൂപയുടെ കാര്യത്തിലും വിജിലൻസ് സംശയം പ്രകടിപ്പിക്കുന്നു. 189 കോടി രൂപയുടെ ചെക്ക് ഇഷ്യൂ ചെയ്തതായി കാണിക്കുന്നുണ്ടെങ്കിലും അത് ബാങ്കിൽ ഹാജരാക്കിയത് സംബന്ധിധിച്ച് വ്യക്തമായ രേഖകൾ രജിസ്റ്ററിൽ ഇല്ലെന്നും റിപ്പോർട്ടിലുണ്ട്.
ലൈബ്രറി സെസ്, സെക്യൂരിറ്റി ഡെപോസിറ്റ് ഇനങ്ങളിൽ പിരിച്ച ലക്ഷങ്ങളുടെ കാര്യത്തിലും വ്യക്തതയില്ല. പ്രഫഷനൽ ടാക്സ് ഇനത്തിലെ 11 ലക്ഷം രൂപ അൺകാഷ്ഡ് ചെക്കായാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്കുകളുമായുള്ള കരാർരേഖകളിലും ചെക്ക്/ഡി.ഡി രജിസ്റ്ററുമായി താരതമ്യം ചെയ്യുമ്പോൾ ലക്ഷക്കണക്കിന് രൂപയുടെ വ്യത്യാസമുണ്ടെന്നുള്ള പ്രാഥമിക വിലയിരുത്തലാണ് വിജിലൻസിന്‍റേത്. പല സാമ്പത്തിക ഇടപാടുകളും കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. കോട്ടയം വിജിലൻസ് ഇൻസ്പെക്ടർ ബി.മഹേഷ് പിള്ളയുടെ മേൽനോട്ടത്തിൽ ഹയർഗ്രേഡ് ഓഡിറ്റ് ഓഫീസർ സജി.പി.ആറിന്‍റെ നേതൃത്വത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും രേഖകളുടെ വിശദമായ പരിശോധന നടക്കുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.