representational image

അധ്യാപകൻ മർദിച്ച സംഭവം: പരാതിയുമായി രക്ഷിതാക്കൾ

താനാളൂർ: കായികാധ്യാപകൻ വിദ്യാർഥിയെ അടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ സ്കൂൾ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ രക്ഷിതാക്കൾ. പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ നടത്തിയ വാർത്ത സമ്മേളനത്തിലാണ് താനാളൂർ ക്രസന്റ് സ്കൂൾ അധികൃതർക്കെതിരെ രക്ഷിതാക്കൾ ആരോപണമുന്നയിച്ചത്. സ്കൂളിലെ കായികാധ്യാപകനായ കുറ്റിപ്പുറം മാണൂർ കാലടി കുണ്ടുപറമ്പിൽ അബ്ദുസലാമിനെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തിരുന്നു.

ഇയാളിൽ നിന്നും ഇതേ വിദ്യാർഥിക്ക് മുമ്പും മർദനമേൽക്കുകയും സ്കൂൾ അധികൃതരോട് പരാതിപ്പെടുകയും ചെയ്തിരുന്നതായി രക്ഷിതാക്കൾ പറയുന്നു.മേലിൽ ഇത്തരം നടപടികൾ അധ്യാപകന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് സ്കൂൾ അധികൃതർ ഉറപ്പ് നൽകിയിരുന്നു. വിദ്യാർഥികൾ തമ്മിലുണ്ടായ നിസാര പ്രശ്നത്തിന്റെ പേരിൽ ക്രൂര മർദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അടിക്കാനുപയോഗിച്ച ചൂരൽ മുറിഞ്ഞതിന് ശേഷവും മറുതല ഉപയോഗിച്ച് അടി തുടരുകയായിരുന്നുവെന്നും കുട്ടിയുടെ തോൾ മുതൽ കൈമുട്ട് വരെയും കാലുകളിലും നിറയെ അടിയേറ്റ പാടുകളുണ്ടെന്നും രക്ഷിതാക്കൾ പറഞ്ഞു.

മർദനമേറ്റ് അവശനായ വിദ്യാർഥിയെ വൈദ്യപരിശോധനക്ക് വിധേയമാക്കാനോ രക്ഷിതാക്കളെ അറിയിക്കാനോ സ്കൂൾ അധികൃതർ തയാറായില്ല. തൊട്ടടുത്ത ദിവസം പരാതിയുമായെത്തിയ രക്ഷിതാക്കളെ അപമാനിച്ച് ഇറക്കി വിടുകയായിരുന്നുവെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തി.അതേസമയം, സംഭവത്തിൽ മതിയായ നടപടികളെടുക്കാമെന്ന് രക്ഷിതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നതായും എന്നാൽ അധ്യാപകനെ പരസ്യമായി തിരിച്ചടിക്കണമെന്നതടക്കമുള്ള നിബന്ധനകൾ അംഗീകരിക്കാൻ കൂട്ടാക്കാത്തതാണ് സ്കൂൾ മാനേജ്മെന്റിനെതിരെ തെറ്റായ ആരോപണങ്ങളുമായി കുട്ടിയുടെ രക്ഷിതാക്കൾ രംഗത്തുവരാൻ കാരണമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

Tags:    
News Summary - Incident of teacher beating: Parents file complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.