പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവം: റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയെന്ന് പി. രാജീവ്

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവവുമായി ബന്ധപ്പെട്ട് സബ് കലക്ടർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ്. വിഷയവുമായി ബന്ധപ്പെട്ട് കളമശ്ശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. റിപ്പോർട്ട് ലഭിച്ച ശേഷം ഉന്നതതല യോഗം തിരുവനന്തപുരത്ത് ചേരും. യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.

മലിനീകരണ നിയന്ത്രണ ബോർഡിനോടും കുഫോസിനോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകളും ശേഖരിക്കും. മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയ്ക്ക് പുറമേ മത്സ്യത്തിന്റെ ആന്തരിക ഘടന കൂടി പരിശോധിക്കാൻ ഫിഷറീസ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫിഷറീസ് മന്ത്രിയുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ ഫിഷറീസ് സർവകലാശാലയും വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ എല്ലാം ഏകോപിപ്പിച്ചായിരിക്കും സബ് കളക്ടർ റിപ്പോർട്ട് സമർപ്പിക്കുക.

റിപ്പോർട്ടിൽ ഗുരുതര വൈരുദ്ധ്യങ്ങൾ ഉണ്ടെങ്കിൽ അത് സംബന്ധിച്ച് തുടർനടപടി സ്വീകരിക്കും.മലിനീകരണ നിയന്ത്രണ ബോർഡും കുഫോസും സമർപ്പിച്ച റിപ്പോർട്ടുകളിൽ വൈരുദ്ധ്യം ഉണ്ടെങ്കിൽ അക്കാര്യം സബ് കളക്ടർ കളക്ടർ വഴി സമർപ്പിക്കുന്ന റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. റിപ്പോർട്ടുകൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ സ്വതന്ത്ര അന്വേഷണം നടത്തും.

ശനിയാഴ്ച തന്നെ അതത് വകുപ്പുകൾ സബ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് സബ് കലക്ടർ റിപ്പോർട്ട് കൊച്ചി കലക്ടർ വഴി ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കും. റിപ്പോർട്ടുകൾ ഏകോപിപ്പിച്ച ശേഷം ആയിരിക്കും സബ് കലക്ടർ കൊച്ചി കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുക. തിങ്കളാഴ്ചയോടെ റിപ്പോർട്ട് സർക്കാരിന് മുന്നിലെത്തുമെന്നാണ് പ്രതീക്ഷ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.

വെള്ളത്തിൽ അമോണിയ, സൾഫർ ഉണ്ടെന്ന് ആരോപണമുണ്ട്. ഇത് ജൈവമാലിന്യങ്ങളിൽ നിന്നോ രാസമാലിന്യങ്ങളിൽ നിന്നോ ഉണ്ടാകാമെന്നാണ് വിദഗ്ധർ പറയുന്നത്. ഇക്കാര്യത്തിൽ പരിശോധന വേണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ അത് സർക്കാർ പരിഗണിക്കും. പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഏത് രാസപദാർഥമാണ് വെള്ളത്തിൽ കലർന്നതെന്ന് വ്യക്തമായി കഴിഞ്ഞാൽ ആ രാസമാലിന്യം പുറത്തുവിടുന്ന കമ്പനിയെ കണ്ടെത്തും.

കുമ്പളങ്ങിയിലും മത്സ്യങ്ങൾ ചത്തുപൊങ്ങിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സമാനകാരണത്താൽ ആണോ അത് സംഭവിച്ചതെന്ന് ശാസ്ത്രീയ പരിശോധനക്ക് ശേഷമേ വ്യക്തമാകൂ. സവിശേഷമായ വൈദഗ്ധ്യമുള്ള വ്യക്തികളുടെ റിപ്പോർട്ടിനെ ആധാരമാക്കി പ്രകടമായ വ്യത്യാസമുണ്ടെങ്കിൽ സ്വതന്ത്ര അന്വേഷണം നടത്താനും സർക്കാർ തയാറാണ്.

നദികളുടെ സംരക്ഷണം സംബന്ധിച്ച് അതോറിറ്റി വേണമെന്ന് സർക്കാർ നേരത്തെ ചർച്ച ചെയ്തു തീരുമാനിച്ചിട്ടുണ്ട്. അത് വിശദമായി പരിശോധിക്കും. ഏതെങ്കിലും വകുപ്പുകളുടെ മാത്രം നേതൃത്വത്തിൽ അല്ല വിവിധ വകുപ്പുകളുടെ ഏകോപനത്തിലാകും കാര്യങ്ങൾ നിശ്ചയിക്കുക. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുവായ ഏകോപനത്തോടെ പെരിയാറിന്റെ സംരക്ഷണം ഉറപ്പാക്കും.

മത്സ്യ കർഷകർക്കുണ്ടായ നഷ്ടം കൂടി പരിഗണിക്കും. ഇതൊരു പാഠമായി ഉൾക്കൊണ്ട്‌ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള ശാശ്വതമായ പരിഹാരമാണ് ലക്ഷ്യമിടുന്നത്. ഇതേ തുടർന്നാണ് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെയും സുപ്രീംകോടതിയും നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കാൻ വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടത്.

അറവു മാലിന്യങ്ങൾ ഉൾപ്പെടെ പെരിയാർ ഒഴുകിവരുന്ന സ്ഥലങ്ങളിൽ പലയിടത്തു നിന്നും മാലിന്യങ്ങൾ വന്നുചേരുന്നുണ്ട്. പെരിയാറിന്റെ പൊതുവായ പരിശോധന കൂടി പരിഗണനയിലുണ്ട്. എങ്കിൽ മാത്രമേ അടിസ്ഥാന പ്രശ്നം കണ്ടെത്തി ശാശ്വത പരിഹാരം സാധ്യമാകൂ എന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Incident of death of fishes in Periyar: P. Rajeev said that further action will be taken based on the report.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.