എസ്​.എം.എ രോഗം ബാധിച്ച ഇമ്രാൻ വിടവാങ്ങി; ഇനി വേണ്ട, കോടതിയുടെ കനിവും പതിനെട്ടു കോടിയുടെ മരുന്നും

കോഴിക്കോട്​: എസ്.എം.എ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന കുഞ്ഞ് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫിന്‍റെ മകൻ ഇമ്രാൻ അഹമ്മദ് ആണ് മരിച്ചത്. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ വെൻ്റിലേറ്ററിലായിരുന്നു കഴിഞ്ഞ നാലു മാസമായി കുഞ്ഞ്.

ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. എസ്.എം.എ രോഗത്തിനുള്ള 18 കോടി രൂപയുടെ ചികിത്സയ്ക്കായി സർക്കാർ സഹായം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് ഇമ്രാന്‍റെ പിതാവ് ആരിഫായിരുന്നു. ഈ പരാതിയിൽ തീരുമാനമാകുംമുമ്പാണ് ഇമ്രാന്‍റെ മരണം.

മരുന്നിനായി 18 കോടി രൂപ വേണ്ടിവന്നതോടെ പിതാവും സുഹൃത്തുക്കളും നാട്ടുകാരും മുന്നിട്ടിറങ്ങി തുക കണ്ടെത്താനുള്ള ശ്രമം അന്തിമഘട്ടത്തിലിരിക്കെയാണ്​ മരണം. ചൊവ്വാഴ്ച രാവിലെയുള്ള വിവരമനുസരിച്ച് അക്കൗണ്ടിൽ 16.10 കോടി രൂപ എത്തിയിരുന്നു. ഇതോടെ ശേഷിക്കുന്ന രണ്ടുകോടി പെട്ടെന്ന് സ്വരൂപിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ചികിത്സക്കായി രൂപവത്​കരിച്ച ജനകീയ സമിതിയും നാട്ടുകാരും. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലുമായി കുഞ്ഞ് വെൻറിലേറ്ററിൽ തീവ്ര പരിചരണത്തിലായിരുന്നു. മരുന്ന് ലഭിച്ചാൽ കുട്ടിയുടെ ആരോഗ്യം വീണ്ടെടുക്കാമെന്ന വിശ്വാസത്തിൽ സന്നദ്ധ പ്രവർത്തകരും യുവാക്കളും വിവിധ കൂട്ടായ്മകളും പണം സ്വരൂപിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. ജൂൺ 30നാണ് മങ്കട ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്ന് ആരംഭിച്ച കലക്ഷൻ ആരംഭിച്ചത്. ജൂലൈ ആറു മുതലാണ് ഊർജിതമായ കലക്ഷൻ ആരംഭിച്ചത്. ദിവസങ്ങൾക്കകം കേരളത്തിനകത്തുനിന്നും ഗൾഫിൽ നിന്നുമടക്കം സഹായങ്ങൾ ഒഴുകിയെത്തി. മൂന്നു മക്കളായിരുന്നു ആരിഫിന്. രണ്ടാമത്തെ കുഞ്ഞ് നേരത്തെ മരിച്ചു. മാതാവ്: റനീസ തസ്നി. സഹോദരി: ദിയാന ഫാത്തിമ.   

Tags:    
News Summary - Imran passed away without waiting for Rs 18 crore worth of medicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.