കൊല്ലം: ഭാരത് സേവക് സമാജിന്റെ (ബി.എസ്.എസ്) പേരിൽ അനധികൃത പാരാ മെഡിക്കൽ കോഴ്സുകൾ വ്യാപകം. കേന്ദ്ര സർക്കാറിന്റെ 1952ലെ ഗെസറ്റ് വിജ്ഞാപന മറവിലാണ് കോഴ്സുകൾ നടത്തി ലക്ഷങ്ങൾ സമാഹരിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലത്ത് വിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ബി.എസ്.എസിന്റെ പേരിൽ കോഴ്സ് നടത്തിയിരുന്ന സ്ഥാപന ഉടമ ആത്മഹത്യ ചെയ്തതോടെയാണ് വർഷങ്ങളായി നടക്കുന്ന തട്ടിപ്പിന്റെ പിന്നാമ്പുറക്കഥകൾ പുറത്തുവന്നത്.
20 വർഷം മുമ്പ് ബി.എസ്.എസിനെതിരെ സമാന സ്വഭാവത്തിൽ പരാതി ഉയരുകയും കോട്ടയം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗം ഡിവൈ.എസ്.പി ഡൊമിനിക് ചാവറയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് മെഡിക്കൽ അനുബന്ധ കോഴ്സുകൾ നടത്തുന്നതിൽനിന്ന് പിൻവലിഞ്ഞ ബി.എസ്.എസ് സ്വാധീനങ്ങളിലൂടെ അന്വേഷണം അട്ടിമറിച്ചാണ് വീണ്ടും കോഴ്സുമായി രംഗത്തുവന്നത്.
കേന്ദ്ര സർക്കാറിന്റെ ഫണ്ട് വാങ്ങി രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയതിനാലാണ് സി.ബി.ഐ അന്വേഷണത്തിന് ശിപാർശ നൽകിയത്. അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. ബി.എസ്.എസ്, ജെ.എസ്.എസ് (ജൻ ശിക്ഷൻ സൻസ്ഥാൻ) എന്നിവയുടെ കേരള ചാപ്റ്റർ ചെയർമാൻ ബി.എസ്. ബാലചന്ദ്രനും സഹഭാരവാഹികളും ചേർന്ന് വനിതകളെ സഹായിക്കാനെന്ന പേരിൽ കോടികൾ പിരിച്ചെടുത്ത് അപഹരിച്ചതായി ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ഗ്രാമീണ വനിതകൾക്കും മറ്റും തൊഴിൽ പരിശീലനം നൽകാനായി കേന്ദ്ര സർക്കാറിന്റെ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ഏജൻസിക്ക് കുട, സോപ്പ് നിർമാണമടക്കം 70ഓളം തൊഴിലുകൾ പരിശീലിപ്പിക്കാനാണ് അനുമതിയുള്ളത്.
സേവന പ്രവർത്തനങ്ങൾക്ക് ഉപകരിക്കാനായി പ്രാഥമിക ശുശ്രൂഷ പരിശീലനത്തിനും അനുമതിയുണ്ട്. അത് മറയാക്കി വ്യക്തികൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് അഫിലിയേഷൻ നൽകി വ്യാജ പാരാമെഡിക്കൽ കോഴ്സുകൾ നടത്തിയതാണ് പരാതിക്ക് വഴിയൊരുക്കിയത്. ‘മാധ്യമം’ ഇതുസംബന്ധിച്ച് ലേഖന പരമ്പര നൽകിയിരുന്നു.
അന്വേഷണം നടക്കുന്നതിനിടെ പ്രവർത്തനങ്ങളിൽനിന്ന് മാറിനിന്ന സ്ഥാപനം രാഷ്ട്രീയ കാലാവസ്ഥ മാറുകയും തുടരന്വേഷണം അട്ടിമറിക്കപ്പെടുകയും ചെയ്തതോടെ വീണ്ടും രംഗത്തെത്തുകയായിരുന്നു. ഇപ്പോൾ ലക്ഷദ്വീപിലടക്കം രാജ്യവ്യാപകമായി മൂവായിരത്തോളം സ്ഥാപനങ്ങളുള്ള ബി.എസ്.എസിന് കേരളത്തിൽ മാത്രം 575 അഫിലിയേറ്റഡ് സ്ഥാപനങ്ങളുണ്ട്.
ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്, ഒഫ്താൽമിക് അസിസ്റ്റന്റ്, സി.ടി സ്കാൻ ടെക്നീഷ്യൻ, ഡിപ്ലോമ ഇൻ ഓപറേഷൻ തിയറ്റർ ടെക്നോളജി എന്നീ കോഴ്സുകളടക്കമാണ് നടത്തുന്നത്. ഇവയെല്ലാം തന്നെ ആരോഗ്യ സർവകലാശാലയുടെ കീഴിലല്ലാതെ നടത്താൻ അനുവാദമില്ല. കൊല്ലത്തിലേതിന് സമാനമായ പ്രശ്നങ്ങളുടെ പേരിൽ ഇരുനൂറോളം സ്ഥാപനങ്ങൾ അഫിലിയേഷൻ പുതുക്കിയിട്ടില്ല.
എസ്.എൻ കോളജ് ജങ്ഷനിൽ ബി.എസ്.എസ് പാരാമെഡിക്കൽ ട്രെയിനിങ് സെന്റർ എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന അമൽ ശങ്കർ ഈ മാസം 18നാണ് തൂങ്ങി മരിച്ചത്. 2023-25 ബാച്ചിലെ വിദ്യാർഥികൾ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയ ശേഷം ജോലിക്ക് ശ്രമിക്കുമ്പോഴാണ് കോഴ്സിനും സ്ഥാപനത്തിനും അംഗീകാരമില്ലെന്ന് തിരിച്ചറിഞ്ഞ് കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. മാർക് ലിസ്റ്റിന്റെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തപ്പോൾ വിവരങ്ങൾ ലഭ്യമാകാതെ വന്നതും ചിലരുടെ നമ്പറിൽ അപരിചിതരുടെ ഫോട്ടോയും പേരും കണ്ടതും പരാതിക്ക് ഇടയാക്കി. കേസെടുത്തതോടെ ഒളിവിൽപോയ അമൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ അഞ്ചലിലെ ഭാര്യവീട്ടിലാണ് തൂങ്ങിമരിച്ചത്.
അമൽ ശങ്കർ ആത്മഹത്യ ചെയ്തത് പാർട്ണർഷിപ്പുകാരൻ ചതിച്ചതിനാലാണെന്നും തങ്ങൾക്ക് പങ്കില്ലെന്നും ബി.എസ്.എസ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കോഴ്സുകളുടെ പേരിൽ തങ്ങൾ നിർദേശിച്ചതിലും കൂടുതൽ തുക വിദ്യാർഥികളിൽനിന്ന് ഈടാക്കി കൂട്ടാളി വഞ്ചിച്ചു. അത് പരാതിക്ക് ഇടയാക്കിയതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. 20,000 രൂപ ഫീസുള്ള കോഴ്സിന് 60,000 മുതൽ 70,000 വരെയാണ് ഈടാക്കിയത്. ബി.എസ്.എസിന് പാരാമെഡിക്കൽ കോഴ്സ് നടത്താനുള്ള അവകാശം 1952ലെ ഗെസറ്റ് വിജ്ഞാപനത്തിലുണ്ട്. നാഷനൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷന്റെ അംഗീകാരത്തോടെയാണ് കോഴ്സുകൾ നടത്തുന്നത്. കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക സഹായം വാങ്ങുന്നില്ലെന്ന് കണ്ടെത്തിയതിനാൽ പണ്ട് നൽകിയ പരാതിയും വിജിലൻസ് അന്വേഷണ റിപ്പോർട്ടുമൊക്കെ തള്ളിയതാണന്നും ബാലചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.