ഇലന്തൂരി​െല ഗാന്ധി സ്മൃതി മണ്ഡപം

പത്തനംതിട്ടയുടെ സബർമതിയായി ഇലന്തൂർ

പത്തനംതിട്ട: രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ജില്ലയിൽ സ്വാതന്ത്ര്യസമരത്തി‍െൻറ ഈറ്റില്ലമായിരുന്ന ഇലന്തൂർ ഗ്രാമം ഇന്നും അതി‍െൻറ ചരിത്രശേഷിപ്പുകളുമായി നിലകൊള്ളുന്നു. പത്തനംതിട്ടയുടെ സബർമതി എന്നാണ് ഇലന്തൂർ അറിയപ്പെട്ടത്. ഇവിടെ 1941 ഒക്ടോബറിൽ ഗാന്ധിജയന്തി ദിനത്തിൽ സ്ഥാപിക്കപ്പെട്ട ഗാന്ധി ആശ്രമമാണ് ഇതിന് കാരണം. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ഇലന്തൂരിലേക്കുള്ള വരവിന് കാരണക്കാരനായത് ഇലന്തൂർ ഗാന്ധി എന്ന കുമാർദാസും അദ്ദേഹത്തി‍െൻറ ബന്ധുവായിരുന്ന ഖദർദാസ് ടി.പി. ഗോപാലപിള്ളയുമായിരുന്നു. പ്രദേശത്താകെ ജനങ്ങളിൽ ദേശീയബോധം വളർത്തിയത് ഇവർ ഇരുവരുമായിരുന്നു.

സ്വാതന്ത്ര്യസമര നാളുകളുടെ പ്രതീകമായി ഇവിടെ ഖാദി വ്യവസായ ബോർഡിന്‍റെ ജില്ല ഓഫിസ് പ്രവർത്തിക്കുന്നു. 1937 ജനുവരി 20നാണ് മഹാത്മാഗാന്ധി ഇലന്തൂർ സന്ദർശിച്ചത്. വൈക്കം സത്യഗ്രഹത്തിലെ സമരഭടനായിരുന്ന കുമാർദാസി‍െൻറ ക്ഷണം സ്വീകരിച്ചായിരുന്നത്. ബ്രിട്ടീഷുകാർക്കെതിരെ സമരം നയിക്കാൻ വിദ്യാഭ്യാസം ഉപേക്ഷിച്ച് കുമാർദാസ് സബർമതി ആശ്രമത്തിലെത്തി. 1934 ഒക്ടോബറിലായിരുന്നു ഇത്.

എന്നാൽ, ഗാന്ധിജിയുടെ ഉപദേശം നാട്ടിലേക്ക് തിരിച്ചുപോകാനായിരുന്നു. സമരങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നതുപോലെയാണ് ജനങ്ങളിൽ ദേശീയബോധവും സ്വയംപര്യാപ്തതയും വളർത്തുന്ന കൈത്തറി പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയെന്നതായിരുന്നു ഗാന്ധിജിയുടെ ഉപദേശം. അദ്ദേഹത്തി‍െൻറ ബന്ധുവായ ടി.പി. ഗോപാലപിള്ളയോടും ഗാന്ധിജിയുടെ ഉപദേശം അതായിരുന്നു. 1941ൽ ഇലന്തൂരിൽ മഹാത്മ ഖാദി ആശ്രമം സ്ഥാപിച്ചു. ഖാദി പ്രസ്ഥാനത്തിലെ മുഴുവൻ ആളുകളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ 'ഏക് പൈസേ ഫണ്ട്' പേരിൽ ഖാദി പ്രവർത്തനങ്ങൾക്ക് തുക സമാഹരിച്ചു.

ജന്മി കുടുംബത്തിലെ അംഗമായിരുന്ന ഗോപാലപിള്ള സ്വന്തം പറമ്പിൽ ഒരു നെയ്ത്തുശാല ആരംഭിച്ചു. 1941ൽ സ്വാതന്ത്ര്യസമരസേനാനി പി.സി. ജോർജ് ടി.പി. ഗോപാലപിള്ളക്ക് ഖദർദാസ് പദവി നൽകി ആദരിച്ചു. രാജ്യം സ്വതന്ത്രമായി കേരള സംസ്ഥാനം രൂപവത്കൃതമായപ്പോൾ നാട്ടിലെ ഇത്തരം പ്രസ്ഥാനങ്ങൾ ഖാദി വ്യവസായത്തി‍െൻറ ഭാഗമായി. 1975ൽ ഏക്കറുകണക്കിനുണ്ടായിരുന്ന ത‍‍െൻറ സ്വത്തുക്കൾ ഖാദി പ്രസ്ഥാനത്തിനായി സംഭാവന ചെയ്തു.

അദ്ദേഹത്തി‍െൻറ ആശ്രമം നിന്ന സ്ഥലത്താണ് ഇന്നത്തെ ഖാദിയുടെ ജില്ല ഓഫിസും നെയ്ത്തുശാലയുമെല്ലാം പ്രവർത്തിക്കുന്നത്. ഗാന്ധിജിയുടെ സന്ദർശനത്തി‍െൻറ സ്മാരകമാണ് ഇലന്തൂർ പഞ്ചായത്ത് കാര്യാലയത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഗാന്ധി സ്മൃതിമണ്ഡപം.

Tags:    
News Summary - Ilanthur as Sabarmati of Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.