കോഴിക്കോട്: കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി കേസില്‍ മേല്‍നോട്ട ചുമതലയുള്ള ക്രൈം ബ്രാഞ്ച് ഐ.ജിയേയും സ്ഥലംമാറ്റി.
ഇത് അന്വേഷണത്തിനു തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഐ.ജി പി. പ്രകാശനെ തീരദേശ പൊലീസിലേക്കാണ് മാറ്റിയത്. നേരത്തേ, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി യു. പ്രേമനെ കണ്ണൂര്‍ ക്രൈം ബ്രാഞ്ചിലേക്ക് സ്‍ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മേല്‍നോട്ട ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥനെ കൂടി മാറ്റുന്നത്.
രണ്ട് പ്രധാന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ ആക്ഷന്‍ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. 8000ത്തിലേറെ പേജുകള്‍ വരുന്ന കേസ് ഡയറി പഠിച്ച് പുതിയൊരു ഉദ്യോഗസ്ഥന് അന്വേഷണം നടത്തുക ദുഷ്‌കരമാകും എന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികൾ പറയുന്നു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹൈകോടതിയെ സമീപിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 21നാണ് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണായത്. തലക്കുളത്തൂരാണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷന്‍ കാണിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.