യു.ഡി.എഫ്​ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കും -സുധാകരൻ

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി ഏർപ്പെടുത്തും. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് സര്‍വിസ് സംരക്ഷണ മുന്നേറ്റം ‘പടഹധ്വനി 2023’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങൾ രണ്ടു പോരുകാളകൾക്കിടയിലാണ് ജീവിക്കുന്നത്. വടക്കേയറ്റത്ത് നരേന്ദ്ര മോദിയും തെക്കേ അറ്റത്ത് പിണറായി വിജയനും. രണ്ടുകൂട്ടരും കൂടി ജനജീവിതം ദുരിതപൂർണമാക്കി. രാഹുൽ ഗാന്ധിയുടെ സാന്നിധ്യം പാർലമെന്‍റിൽ ബി.ജെ.പി ഭയക്കുന്നു. അതുകൊണ്ടാണ്​ ദുർബല വാദമുഖങ്ങളുയർത്തി രാഹുലിനെ അയോഗ്യനാക്കിയത്.

നീതിരഹിതമായ ഭരണമാണിവിടെ. കേരളത്തിൽ ഖജനാവ് കാലിയാണ്. ഖജനാവിലേക്ക് വരേണ്ട പണം കമീഷനായി കൈക്കലാക്കുകയാണ്. പുതിയ വരുമാന മാർഗം ഇല്ലാതായ സർക്കാർ നികുതികൾ അടിക്കടി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നു. ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്നും സമസ്ത മേഖലകളെയും സർക്കാർ തകർത്തെന്നും അദ്ദേഹം ആരോപിച്ചു.

സെക്രട്ടേറിയറ്റ് അസോസിയേഷന്‍റെ നവീകരിച്ച വെബ്സൈറ്റിന്‍റെ ഉദ്ഘാടനവും നെയ്യാറ്റിൻകര കോടങ്കരയിലെ നിർധന കുടുംബത്തിന് വീട് നിർമിക്കാനുള്ള ധനസഹായ വിതരണവും അദ്ദേഹം നിർവഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് എം.എസ്. ഇര്‍ഷാദ് അധ്യക്ഷതവഹിച്ചു.

Tags:    
News Summary - If UDF comes participation pension will be withdrawn says Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.