പത്തനാപുരം: തെരുവുകളിൽനിന്ന് അടിയന്തരമായി നായ്ക്കളെ നീക്കം ചെയ്യണമെന്ന സുപ്രീംകോടതി ഉത്തരവ് നേരത്തെ ആയിരുന്നുവെങ്കിൽ തന്റെ മകളെ നഷ്ടമാകില്ലായിരുന്നുവെന്ന് ഹബീറ. വാക്സിനെടുത്തിട്ടും പേ വിഷ ബാധയേറ്റ് ഹബീറയുടെ മകൾ എട്ടുവയസ്സുകാരി കുന്നിക്കോട് ശാസ്ത്രി ജങ്ഷൻ ജാസ്മിൻ മൻസിലിൽ നിയ ഫൈസൽ മേയ് അഞ്ചിനാണ് മരിച്ചത്. വീടിന് സമീപം തെരുവുനായുടെ കടിയേറ്റാണ് മകളെ ആശുപത്രിയിൽ എത്തിച്ചത്.
പുനലൂർ താലൂക്ക് ആശുപത്രിയിൽ വാക്സിൻ എടുത്തതിലെ പാകപ്പിഴ ആദ്യ ദിവസം തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ, ആശുപത്രി സൂപ്രണ്ടടക്കം നാലുപേർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസെടുക്കാൻ പോലും പൊലീസ് തയാറാകുന്നില്ല. സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് നടപ്പാക്കിയാൽ മറ്റുള്ളവർക്കെങ്കിലും ഭയപ്പാടില്ലാതെ തെരുവുകളിലൂടെ നടക്കാനാകുമെന്നും ഹബീറ ‘മാധ്യമ’ത്തോട് പറഞ്ഞു.
അഞ്ചൽ (കൊല്ലം): ചന്തമുക്കിൽ തെരുവുനായ് ആക്രമണത്തിൽ പതിനഞ്ചോളം പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. പൊലീസ് സ്റ്റേഷന് സമീപത്തെ കാളച്ചന്തയിൽനിന്ന് വന്ന നായ വഴിയിൽ കണ്ടവരെയെല്ലാം കടിച്ചു. സ്വകാര്യ ബസ് സ്റ്റാൻഡിലും പരിസരത്തും നിന്നവർക്ക് കടിയേറ്റു. കാളച്ചന്തയിലും പരിസരത്തുമുള്ള തെരുവുനായ്ക്കളെയും ഈ നായ കടിച്ചതായി പറയുന്നുണ്ട്. പേയിളകിയ നായയാണോ ഇതെന്ന ഭീതിയിലാണ് നാട്ടുകാർ. കടിയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.