കിഫ്ബി ഫണ്ട് മറ്റാവശ്യങ്ങൾക്ക് വിനിയോഗിച്ചെങ്കിൽ ഇ.ഡി ബോധ്യപ്പെടുത്തണമെന്ന് ഹൈകോടതി

കൊച്ചി: അടിസ്ഥാന വികസന ആവശ്യത്തിനായി മസാല ബോണ്ടിലൂടെ കിഫ്ബി സമാഹരിച്ച പണം മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനോട് ഹൈകോടതി. ഇ.ഡി ഉന്നയിക്കുന്നത് ഈ ആരോപണമായതിനാലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

അന്വേഷണ വിവരങ്ങൾ പൂർണമായി വെളിപ്പെടുത്തണമെന്നല്ല പറയുന്നതെന്നും ജസ്റ്റിസ് ടി.ആർ. രവി വ്യക്തമാക്കി. ഇതിനായി ഏപ്രിൽ ഒമ്പതിന് വിഷയം വീണ്ടും പരിഗണിക്കാൻ മാറ്റി. മസാല ബോണ്ട് പുറപ്പെടുവിച്ചതിലെ അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി നൽകിയ സമൻസ് ചോദ്യം ചെയ്ത് കിഫ്ബിയും മുൻ മന്ത്രി തോമസ് ഐസക്കും നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഫണ്ട് മറ്റാവശ്യത്തിനായി വിനിയോഗിച്ചെന്ന് ബോധ്യപ്പെടുത്താനായില്ലെങ്കിൽ ചോദ്യം ചെയ്യുന്നതിൽ അർഥമില്ലെന്നും വാക്കാൽ അഭിപ്രായപ്പെട്ടു. രേഖാമൂലം നൽകിയ കാര്യങ്ങളിൽ മൊഴി നൽകേണ്ട ആവശ്യമില്ലല്ലോ എന്നും പറഞ്ഞു.

മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്നാണ് ഇ.ഡിയുടെ ആരോപണമെന്ന് തോമസ് ഐസക്കിന് വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്ത പറഞ്ഞു. ധനമന്ത്രി എന്ന നിലയിലായിരുന്നു കിഫ്ബിയുമായി ബന്ധം. 2021 മേയ് മുതൽ ആ ബന്ധമില്ല. അതിന് മുമ്പ് നടന്ന കാര്യങ്ങളുടെ പേരിലാണ് ഹാജരാകാൻ ആവശ്യപ്പെടുന്നത്. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയാണ് അദ്ദേഹം. ഇതിനിടയിൽ ഹാജരാകണമെന്നാണ് നിരന്തരം ആവശ്യപ്പെടുന്നത്. കോടതി പറഞ്ഞാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും ഐസക് ബോധിപ്പിച്ചു.

36 മാസമായി അന്വേഷിച്ചിട്ടും പണം വകമാറ്റി ഉപയോഗിച്ചെന്ന് കണ്ടെത്താനായിട്ടില്ല. ഫണ്ട് വിനിയോഗിച്ചതിന്റെ രേഖകൾ ആർ.ബി.ഐയും സി.എ.ജിയും മറ്റ് പരിശോധിച്ച് ശരിവെച്ചതാണ്. കേരളത്തിന് പുറമെ 19 സംസ്ഥാനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും മസാല ബോണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിനെതിരെ മാത്രമാണ് അന്വേഷണം. 7000ത്തിലധികം രേഖകൾ കൈമാറിയിട്ടുണ്ടെന്നും എന്നിട്ടും നിരന്തരം സമൻസ് അയക്കുകയാണെന്നും കിഫ്ബിക്ക് വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ അരവിന്ദ് ദത്താറും വാദിച്ചു.

രേഖകൾ പരിശോധിച്ചതിൽ ഫണ്ട് വകമാറ്റിയെന്ന് കണ്ടെത്തിയതിനാലാണ് സമൻസ് അയച്ചതെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ ന്യായീകരിച്ചു. അതിനാൽ മൊഴി നൽകാൻ ഹാജരാകാതിരിക്കാനാകില്ലെന്നും വ്യക്തമാക്കി.

Tags:    
News Summary - If the KIIFB fund was used for other purposes, ED should convince -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.